സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

google news
cpim

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രതിസന്ധിയും യോഗം ചര്‍ച്ച ചെയ്യും. ലോക്‌സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുന്നതിലും ഇന്ന് ചര്‍ച്ചയുണ്ടാകും.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി വിലയിരുത്താന്‍ ഈ മാസം 16 മുതല്‍ അഞ്ചുദിവസത്തേക്ക് സിപിഐഎം സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടാകും. 2019ലെ യുഡിഎഫ് അനുകൂല തരംഗം ഇത്തവണയും ആവര്‍ത്തിച്ചു എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. പരമ്പരാഗത സിപിഐഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതും പാര്‍ട്ടി ചര്‍ച്ച ചെയ്യും.
എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് തര്‍ക്കമാണ് ഇപ്പോള്‍ സിപിഐഎമ്മിന് മുന്നിലെ പ്രധാന പ്രതിസന്ധി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സിപിഐ, കേരള കോണ്‍ഗ്രസ്(എം), ആര്‍.ജെ.ഡി, എന്‍ സി പി പാര്‍ട്ടികള്‍ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. വിജയിക്കാവുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് സിപിഐഎം ഏറ്റെടുക്കും. രണ്ടാമത്തേത് സിപിഐക്ക് നല്‍കുന്നതാണ് പരിഗണനയിലുള്ളത്. 

Tags