സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും ; മുകേഷ് വിഷയം ചര്‍ച്ച ചെയ്യും
ബലാത്സംഗക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യമില്ലെങ്കിലും പൊതുരാഷ്ട്രീയ സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി പ്രശ്‌നം ചര്‍ച്ചയാകും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കുന്നതിനൊപ്പം മുകേഷിന്റെ വിശദീകരണവും കൂടി പരിഗണിച്ചാകും അന്തിമ നിലപാട് സ്വീകരിക്കുക.
കോടതിയിലെത്തിയാല്‍ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നില്‍ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്‌മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണം. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.