സിപിഎം മാർച്ചിലെ കൊലവിളി മുദ്രാവാക്യം ; ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്

google news
congress1

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ പോലീസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ പറഞ്ഞു.

ചീഫ് ജസ്‌റ്റിസിന് ഹരജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ ലാല്‍, ഷുഹൈബ് എന്നിവരെ ഓര്‍മയില്ലേയെന്ന് ചോദിച്ചാണ് കൊലവിളി മുദ്രാവാക്യം.

തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്. പ്രസ്‌ഥാനത്തിന് നേരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സ്‌ഥിതി ഓര്‍മയില്ലേയെന്ന് ചോദിച്ചാണ് മുദ്രാവാക്യം.

ശരത്‌ ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും അവസ്‌ഥ ഓര്‍ത്ത് കളിച്ചോളൂവെന്നും പ്രസ്‌ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍ കയറി കൊത്തിക്കീറുമെന്നുമാണ് മുദ്രാവാക്യം. സിപിഎമ്മിന് നേരെ വരുന്നത് ഇതൊക്കെ ഓര്‍ത്ത് വേണമെന്നും പ്രകോപനപരമായ മുദ്രാവാക്യത്തില്‍ പറയുന്നു.

Tags