ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച; പരാജയകാരണങ്ങള്‍ പഠിക്കുന്നതിനായി അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സ. പി. എം

cpm9

 കണ്ണൂര്‍:  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പഠിക്കാന്‍ പാര്‍ട്ടി അനുഭാവികളുടെ വീടുകളിലേക്ക് സി.പി.എം പ്രവര്‍ത്തകരും നേതാക്കളുമെത്തും. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ ഉള്‍പ്പെടെ സംസ്ഥാനമൊട്ടുക്ക് യു.ഡി.എഫ് നടത്തിയ മിന്നല്‍പ്രകടനത്തിനൊപ്പം ബി.ജെ.പി വോട്ടുകളിലുണ്ടായ കുതിപ്പുമാണ് പുനര്‍ചിന്തനത്തിന് സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. ഈക്കാര്യത്തിലുളളആശങ്ക സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ചരിത്രത്തിലില്ലാത്ത വിധം പാര്‍ട്ടി നിലംപരിശായി എന്നതു പരിശോധിക്കാന്‍  ജൂണ്‍ 16 മുതല്‍ അഞ്ചു ദിവസത്തെ നേതൃയോഗം സി.പി.എം വിളിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റും നടക്കും. പിന്നാലെ കീഴ്ഘടകങ്ങളില്‍ തെരഞ്ഞെടുപ്പ് അവലോകവന കണ്‍വന്‍ഷനുകളും നടക്കും. അതിനു ശേഷമാണ് പാര്‍ട്ടി കുടുംബങ്ങളിലേക്ക് നേതാക്കളെത്തുക. ഭരണവിരുദ്ധവികാരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചതെന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്.

 ഭരണത്തുടര്‍ച്ച ജനങ്ങളില്‍നിന്ന് പാര്‍ട്ടിയെ അകറ്റിയതായും നേതാക്കളില്‍ ചിലര്‍ രഹസ്യമായി സമ്മതിക്കുന്നു. പെന്‍ഷന്‍ കുടിശികയും കെട്ടിടനികുതിയിലെ ഭീമമായ വര്‍ധനയും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയര്‍ന്ന ആരോപണങ്ങളും നവകേരള യാത്രയ്‌ക്കെതിരേ പ്രതിഷേധച്ചവരെ നേരിട്ട രീതിയും അതിനെ നിരന്തരം ന്യായീകരിച്ച മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവുമൊക്കെ പരാജയ കാരണങ്ങളാണ്. പാര്‍ട്ടി കുടുംബങ്ങളെ അടക്കം മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച മറ്റു ഘടകങ്ങള്‍ എന്തൊക്കെ എന്നതും ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി അന്വേഷിക്കും. അടുത്തവര്‍ഷം നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍വിരുദ്ധ മനോഭാവം പ്രകടമാവുമെന്ന ഭയമാണ് ജനങ്ങളിലേക്കിറങ്ങാന്‍ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സി.പി.എം കേന്ദ്രങ്ങളിലടക്കം സമാനമായ വോട്ടുചോര്‍ച്ചയുണ്ടായിരുന്നു. അന്നും തോല്‍വി പരിശോധിക്കാന്‍ പാര്‍ട്ടി അനുഭാവികളുടെ വീടുകളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Tags