പതാക കത്തിച്ചവരെ നോട്ടമിട്ട് സിപിഎം പ്രവര്‍ത്തകര്‍: വീണ നായരും അനന്തകൃഷ്ണനും മുങ്ങി..?
veena-nayar-ananthakrishnan

തിരുവനന്തപുരം: സിപിഎം പതാക കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെറുതെവിടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ടായതോടെ വീണ എസ് നായരും ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ചുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് വീണയും അനന്തകൃഷ്ണനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം പതാക കത്തിച്ചത്. പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ മിക്ക ദൃശ്യമാധ്യമങ്ങളിലും വന്നതോടെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നുവന്നു.

സിപിഎം പ്രവര്‍ത്തകരെ സംബന്ധിച്ച് പാര്‍ട്ടിയോളം തന്നെ അവര്‍ സ്‌നേഹിക്കുന്നതാണ് പാര്‍ട്ടി പതാകയും. രക്തപതാകയെന്ന് പ്രവര്‍ത്തകര്‍ വിളിക്കുന്ന പതാക കത്തിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ചെയ്തവരെ വെറുതെവിടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കുകയുണ്ടായി.

പതാക കത്തിച്ചവരുടേയെല്ലാം ചിത്രങ്ങള്‍ വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ കാവില്‍ മത്സരിച്ച സ്ഥാനാര്‍ഥിയാണ് വീണ നായര്‍. ഒട്ടേറെ പ്രമുഖര്‍ ഈ സീറ്റിനായി രംഗത്തുണ്ടായിരുന്നെങ്കിലും നായര്‍ സമുദായ വോട്ടുകള്‍ ലക്ഷ്യം വെച്ച് വീണയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സീറ്റില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 

തോല്‍വിക്ക് പിന്നാലെ വീണയുടെ തെരഞ്ഞെടുപ്പ് പോസ്റ്റുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് വിവാദമായിരുന്നു. 50 കിലോയിലധികം പോസ്റ്ററുകളാണ് ആക്രക്കടയില്‍ നിന്നും കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലും പോസ്റ്ററുകള്‍ കണ്ടെത്തുകയുണ്ടായി. ബിജെപിയുമായി കോണ്‍ഗ്രസ് നീക്കുപോക്കിന് ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ പോലും പൂര്‍ണമായും ഉപയോഗിക്കാതെ ഉപേക്ഷിക്കേണ്ടവന്നത് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായിരുന്നു.

നിലവിലെ സംഭവത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത വീണയും സഹപ്രവര്‍ത്തകരും എവിടെയാണെന്ന് വിവരമില്ല. അതിനിടെ ഇവര്‍ പോലീസ് സുരക്ഷ തേടിയതായും റിപ്പോര്‍ട്ടുണ്ട്. എന്തുതന്നെയായാലും പതാക കത്തിച്ച വീണ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വെറുതെ വിടരുതെന്ന സൈബര്‍ അണികളുടെ ആഹ്വാനം പോലീസിനും തലവേദനയാകും.

Share this story