പി.കെ. ശശിക്കെതിരായ നടപടിക്ക് അംഗീകാരം
പാലക്കാട്: പി.കെ. ശശിക്കെതിരായ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഇന്നലെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് അംഗീകാരം ലഭിച്ചത് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമാണ് പി.കെ. ശശി. ഇതിന് പുറമെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിക്കുന്നുണ്ട്. നടപടിക്ക് അംഗീകാരമായ സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പി.കെ. ശശിക്ക് നഷ്ടമാകും. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാവുക.
പി.കെ. ശശിക്കെതിരേ നടത്തിയ അന്വേഷണത്തില്‍ ഗുരുതര അച്ചടക്ക ലംഘനമാണ് പാര്‍ട്ടി കണ്ടെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും സ്വീകരിച്ചതായാണ് പ്രധാന വിമര്‍ശനം. ഏതാനും ദിവസം മുമ്പ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗത്തിലാണ് പി.കെ. ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനമുണ്ടായതെങ്കിലും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഇതിന് പുറമെ ജില്ലാ സെക്രട്ടറിയടക്കം നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്നലെ ഔദ്യോഗികമായി ജില്ലാ കമ്മിറ്റിയോഗത്തില്‍ സ്ഥീരികരിച്ചു. നടപടി പ്രാബല്യത്തിലായ സാഹചര്യത്തില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കുമെന്നാണ് സൂചന.