മന്ത്രി വീണ ജോർജിനെതിരായ ചിറ്റയം ​ഗോപകുമാറിന്റെ പരാതിയിൽ കഴമ്പില്ലെന്ന് സിപിഐഎം

google news
cpim

മന്ത്രി വീണ ജോർജിനെതിരായ ചിറ്റയം ​ഗോപകുമാറിന്റെ പരാതിയിൽ കഴമ്പില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടില്ല. ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രതിരോധിച്ചുകൊണ്ടാണ് സിപിഐഎം ജില്ലാ നേതൃത്വം രം​ഗത്തെത്തിയിരിക്കുന്നത്.

‘മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പരാതി പറയുംപോലെ’യാണ് മന്ത്രി വീണാ ജോർജിനെതിരായ ചിറ്റയം ഗോപകുമാറിന്റെ ആക്ഷേപമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വ്യക്തമാക്കി. ഇത്തരം യോഗങ്ങൾക്ക് പ്രത്യേക ക്ഷണം വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി വീണ ജോർജ് എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ വിമർശിച്ചതാണ് വിവാദത്തിന് കാരണം. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരിച്ചത്.

‘സർക്കാരിന്റെ വാർഷികാഘോഷം എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ ധാരണയുണ്ട്. മന്ത്രി അധ്യക്ഷയും കളക്ടർ കൺവീനറുമായ സംഘാടകസമിതിയിൽ ജില്ലയിൽ നിന്നുള്ള എല്ലാ എംഎൽഎമാരും ജില്ലാപഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളായിരുന്നു. സംഘാടക സമിതി വിളിച്ചുചേർത്ത യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ പ്ലാൻ ചെയ്തതനുസരിച്ചാണ് ആഘോഷപരിപാടികൾ ചിട്ടപ്പെടുത്തിയത്. കൂട്ടുത്തരവാദിത്തതോടെയാണ് പരിപാടികൾ നടത്തേണ്ടത്. അതുകൊണ്ടുതന്നെ ഇതിൽ ഉൾപ്പെട്ട ആരെയും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കേണ്ട ആവശ്യമില്ല. – കെ.പി.ഉദയഭാനു വ്യക്തമാക്കി.

Tags