സിപിഐ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരുമോ ?
kanam rajendran
അങ്ങനെയെങ്കിൽ ചരിത്രത്തിൽ ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടറിയെ മത്സരത്തിലുടെ തെരഞ്ഞെടുക്കുന്ന സമ്മേളന നടപടികൾക്ക് കൂടിയാകും തിരുവനന്തപുരം സമ്മേളനം വേദിയാകുക.

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ കാനം വിരുദ്ധപക്ഷം. പ്രായ പരിധി വിവാദത്തിൽദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടി ഉറപ്പിച്ചാകും എതിര്‍ചേരി സംസ്ഥാന സമ്മേളനത്തിന് എത്തുക.

 അങ്ങനെയെങ്കിൽ ചരിത്രത്തിൽ ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടറിയെ മത്സരത്തിലുടെ തെരഞ്ഞെടുക്കുന്ന സമ്മേളന നടപടികൾക്ക് കൂടിയാകും തിരുവനന്തപുരം സമ്മേളനം വേദിയാകുക.

ജില്ലാ സമ്മേളനങ്ങൾ പൂര്‍ത്തിയായപ്പോൾ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷം മത്സരിച്ച് തോറ്റു. കോഴിക്കോടും പത്തനംതിട്ടയിലും ഒരു പരിധി വരെ കൊല്ലത്തും എല്ലാം കാര്യങ്ങകൾ അനുകൂലമാക്കാമെന്ന കണക്കുകൂട്ടൽ കാനം വിരുദ്ധ പക്ഷത്തിനുണ്ട്.

 സംസ്ഥാന സെക്രട്ടറി കസേരയിൽ രണ്ട് ടേം തികച്ച കാനം മാറി പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടാണ് പാര്‍ട്ടിയിൽ കെഇ ഇസ്മയിലിനെ പിന്തുണക്കുന്ന നേതാക്കൾക്കുള്ളത്. സംസ്ഥാന നേതൃത്വത്തിൽ 75 വയസ്സ് പ്രായപരിധി നടപ്പാക്കാൻ തീരുമാനിച്ചതിനെതിരെ പാര്‍ട്ടിക്കകത്ത് കടുത്ത വിമര്‍ശനമുണ്ട്. തീരുമാനം നടപ്പാക്കുന്നത് തന്നെ കെഇ ഇസ്മയിലിനേയും ഒപ്പം നിൽക്കുന്ന മുതിര്‍ന്ന നേതാക്കളെയും വെട്ടിയൊതുക്കാനാണെന്ന ആക്ഷേപമാണുയരുന്നത്.

ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന കൗൺസിലിലും ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. എന്നാൽ പ്രായപരിധിയിൽ കടുംപിടുത്തമില്ലെന്നും അതാത് സംസ്ഥാന നേതൃത്വങ്ങൾക്ക് തീരുമാനിക്കാമെന്നുമാണ് ദേശീയ നേതൃത്വം പറയുന്നതെന്ന് അവകാശപ്പെട്ടാണ് കാനം വിരുദ്ധ പക്ഷത്തിന്റെ നീക്കം. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ പേരാണ് ഇസ്മയിൽ പക്ഷം മുന്നോട്ട് വയ്ക്കുന്നത്. പ്രകാശ് ബാബു തയ്യാറായില്ലെങ്കിൽ പൊതു സമ്മതനായ മുതിര്‍ന്ന നേതാവിനേയും പരിഗണിക്കുന്നുണ്ട്.

Share this story