മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് 17 വർഷം കഠിനതടവും 16,50,000 രൂപ പിഴയും
court

മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി 17 വർഷം കഠിനതടവും 16,50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക പത്തുവയസുകാരിയായ കുട്ടിക്ക് നഷ്‌ട പരിഹാരമായി നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പോക്‌സോ കോടതി ജഡ്‌ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.

കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി യാതൊരു വിധ ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കുട്ടിക്ക് നിയമപരമായ നഷ്‌ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

കുട്ടിയുടെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. 2019ലാണ് പെൺകുട്ടി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടത്. ഉറങ്ങുമ്പോൾ പിതാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടി പഠനത്തിൽ പിന്നോക്കം പോവുകയും അധികമാരോടും മിണ്ടാതാവുകയും ചെയ്‌തതോടെ ക്ലാസ് ടീച്ചർ സ്വകാര്യമായി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.

അങ്ങനെയാണ് പിതാവിൽ നിന്ന് നേരിട്ട ലൈം​ഗികപീഡനത്തെപ്പറ്റി കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞത്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് പാങ്ങോട് പൊലീസാണ് പിതാവിനെതിരെ കേസെടുത്തത്. ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Share this story