നാലര വയസ്സുകാരിയുടെ കൊലപാതകത്തിൽ 30 വർഷം കഴിഞ്ഞ് വിധി; ഒന്നാം പ്രതി ഒളിവിൽ
court

കോഴിക്കോട് : നാലര വയസ്സുകാരിയെ മർദിച്ചു കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. 1991ൽ മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് വിധി. കേസിൽ ബീന എന്ന ഹസീന ജീവപര്യന്തം തടവനുഭവിക്കുകയും പിഴ അടയ്ക്കുകയും ചെയ്യണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.അനിൽകുമാർ വിധിച്ചു. കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്.

എറണാകുളം സ്വദേശിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽനിന്നും കുഞ്ഞിനെ ബീന വള‍ര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കുഞ്ഞുമായി കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ താമസിച്ചു വരുന്നതിനിടെ ഒന്നാം പ്രതി ഗണേശനും ബീനയും ചേ‍ര്‍ന്ന് കുഞ്ഞിനെ മ‍ര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവം നടന്ന് 28 വ‍ര്‍ഷത്തിന് ശേഷം എറണാകുളത്ത് നിന്നാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ നടത്തുകയും യുവതിയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു. ഗണേശനു വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Share this story