തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഹോണടിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

pradeep

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിറമൺകരയിൽ നടുറോഡിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സഹോദരങ്ങളായ അഷ്കര്‍, അനീഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്കും എഎസ്ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ  അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത്. 

ഇന്നലെ രാത്രിയാണ് പ്രദീപിനെ മര്‍ദിച്ച അഷ്കറിനെയും സഹോദരന്‍ അനീഷിനെയും കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ പിടികൂടിയതോടെ പൊലീസ് തെളിവെടുപ്പിന്‍റെ ഭാഗമായി പ്രദീപിനെ കരമന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രദീപ് തന്നെ മര്‍ദിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.

സംഭവത്തില്‍ വീഴ്ച വരുത്തിയ കരമന എസ്ഐ സന്തുവിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. നെയ്യാറ്റിൻകര സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രദീപിനെ ചൊവ്വാഴ്ചയാണ് നടുറോഡില്‍ മര്‍ദിച്ചത്. 

മര്‍ദനത്തില്‍ പരിക്കേറ്റ മുഖവുമായി കരമന സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സാരേഖകളുമായി എത്തണമെന്ന് പറഞ്ഞ് പൊലീസുകാര്‍ മടക്കി അയക്കുകയായിരുന്നു. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയിട്ടും മൊഴി എടുക്കാതെ തിരിച്ചയച്ചു. മര്‍ദന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്.  

ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ യുവാക്കള്‍ വാഹനം തകർക്കുകയും പ്രദീപിനെ നിലത്തിട്ട് മർ‍ദ്ദിക്കുകയുമായിരുന്നു. അതേസമയം കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതിയുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ പൊതുസ്ഥലത്ത് നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ്‌ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നത്. 

Share this story