നാളെ വോട്ടെണ്ണൽ: തിരുവമ്പാടിയിൽ വോട്ടെണ്ണുക രാവിലെ 8.30 ന്

voting
voting


കോഴിക്കോട് :  നാളെ  വോട്ടെണ്ണൽ നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരിസ് എൽപി സ്കൂളിൽ വോട്ടെണ്ണി തുടങ്ങുക രാവിലെ 8.30 ന്.

രാവിലെ 8 മുതൽ തപാൽ വോട്ടുകൾ എണ്ണാൻ തുടങ്ങും. എന്നാൽ കോഴിക്കോട് ജില്ലയിൽ വരുന്ന തിരുവമ്പാടി മണ്ഡലം, മലപ്പുറം ജില്ലയിൽ വരുന്ന നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ എന്നിവിടങ്ങളിലേത് ഉൾപ്പെടെ മുഴുവൻ തപാൽ വോട്ടുകളും എണ്ണുന്നത് വയനാട്ടിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ്.

തിരുവമ്പാടി മണ്ഡലത്തിൽ ആകെ 1096 തപാൽ വോട്ടുകളാണ് എണ്ണാനുള്ളത്. തപാൽ വോട്ടുകൾ കഴിഞ്ഞശേഷം 8.30 നാണ് ഇവിഎം വോട്ടുകൾ എണ്ണാൻ തുടങ്ങുക. ഈ സമയം കൂടത്തായി സെന്റ് മേരീസ് സ്കൂളിലും വോട്ടെണ്ണൽ തുടങ്ങും.

വോട്ടെണ്ണൽ ഹാളിൽ 14 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും നാല് വീതം ജീവനക്കാർ ഉണ്ടാകും-കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ, വോട്ടിംഗ് യന്ത്രം കൊണ്ടുവരുന്ന ജീവനക്കാരൻ. ഇതിനുപുറമേ 25% ഉദ്യോഗസ്ഥരെ റിസർവ് ആയും വിന്യസിച്ചിട്ടുണ്ട്. ആകെ 53 ജീവനക്കാരാണ് വോട്ടെണ്ണൽ ചുമതലയിലുള്ളത്.

13 റൗണ്ടുകളായാണ് എണ്ണുക. ഓരോ റൗണ്ട് കഴിയുമ്പോഴുമുള്ള ലീഡ് നില അസി. റിട്ടേണിങ് ഓഫീസർ പ്രഖ്യാപിക്കും.

പുലർച്ചെ 5 മണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാൻഡമൈസേഷൻ തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ (കൗണ്ടിങ്) സാന്നിധ്യത്തിൽ നടക്കും. തുടർന്ന് 7 മണിക്ക് ശേഷം സെന്റ് മേരീസ് എൽപി സ്കൂളിലെ സ്ട്രോങ്ങ്‌ റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുവരും.

വോട്ടെണ്ണലിന്റെ അന്തിമ ഒരുക്കങ്ങൾ കൗണ്ടിങ് ഒബ്സർവർ രാജീവ്‌കുമാർ റായിയും ജില്ലാ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ ആയ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് വിലയിരുത്തി.
 

Tags