ഇരുപത് വർഷത്തിനിടെ ആദ്യം ; പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില
കോഴിക്കോട്: 20 വർഷത്തിനിടെ ആദ്യമായി നാളികേരള ഉൽപന്നങ്ങൾക്ക് ഉയർന്ന വില . പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. രണ്ടാഴ്ചക്കിടെയാണ് നാളികേര വില കുതിച്ചുയർന്നത്. കോഴിക്കോട് പാണ്ടികശാലയിൽ ചൊവ്വാഴ്ച ഉണ്ട കൊപ്രക്ക് ക്വിന്റലിന് 19,000 രൂപയാണ് വില. ഗുണനിലവാരം കൂടിയതിന് 20,000 രൂപയും വ്യാപാരികൾ നൽകി. രാജാപൂര്‍ കൊപ്രക്ക് 22,000 രൂപയും.
കൊപ്ര എടുത്തപടിക്ക് 13400 രൂപയാണ് മാർക്കറ്റ് വില. എന്നാൽ, കർഷകർക്ക് 14000 രൂപ ലഭിച്ചു. വെളിച്ചെണ്ണ വിലയും തിളച്ചുമറിയുകയാണ്. വെളിച്ചെണ്ണക്ക് ചൊവ്വാഴ്ച കോഴിക്കോട് മാർക്കറ്റിൽ വില 20650 ആണ്. ഈ മാസം 10ന് 17800 ആയിരുന്നു വില. കൊപ്ര എടുത്തപടി 11350ഉം ഉണ്ട കൊപ്രക്ക് 13500 ആയിരുന്നു ഈ മാസം 10ലെ വില.
വേനൽക്കാലത്തെ അമിതമായ ചൂട് ഇത്തവണ സീസണിൽ തേങ്ങ ഉൽപാദനം ഗണ്യമായി കുറയാൻ ഇടയാക്കി. മാത്രമല്ല ഇടവിള കൃഷി ഇല്ലാത്തതും തെങ്ങുകൾ വിവിധ അസുഖങ്ങൾ ബാധിച്ച് നശിക്കുന്നതും ഉൽപാദനം കുറയാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു.