കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു
sd

താനൂർ: എൻജിൻ തകരാർമൂലം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ. താനൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയ റാഷിദ മോൾ എന്ന വള്ളവും അതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയുമാണ് രക്ഷിച്ചത്.

ഇവർ സഞ്ചരിച്ച വള്ളത്തിലെ രണ്ട് എൻജിനും ആഴക്കടലിൽ തകരാറിലായതാണ് അപകടകാരണം. രക്ഷപ്പെടുത്തിയ അഞ്ചുപേരെയും കോസ്റ്റ് ഗാർഡ് കൊച്ചി ഹെഡ് ക്വാർട്ടേഴ്സിൽ എത്തിച്ച് ഫിഷറീസ് വകുപ്പിന് കൈമാറി.

പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി വള്ളുവൻപറമ്പിൽ ബാലൻ, താനൂർ ഇല്ലത്ത് പറമ്പിൽ മുഹമ്മദ് ഫബിൻ ഷാഫി, താനൂർ കുറ്റിയാംമാടത്ത് ഹസീൻ കോയ, താനൂർ ചെറിയകത്ത് അബ്ദുറസാഖ്, താനൂർ ഇല്ലത്തുപറമ്പിൽ അബ്ദുല്ല എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.എന്നാൽ, നിയമം ലംഘിച്ച് കടലിൽ മത്സ്യബന്ധനത്തിന് പോയതിന് ഇവർക്കെതിരെ അധികൃതർ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
 

Share this story