കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ സംഭവം: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിനു സുരക്ഷ കൂട്ടും
cm pinarayi vijayan silverline

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിക്കും. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽദാസ്, മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ ഒളിവിൽ താമസിച്ചതു വൻ സുരക്ഷാ വീഴ്ചയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വയ്ക്കാനും പൊലീസുകാരെ കാവൽ നിർത്താനും തീരുമാനിച്ചു. ഈ പരിധിയിൽ വരുന്ന വീടുകളിലെ, താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കും. മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരത്തുള്ള പ്രധാന റോഡുകളുടെയും ഇടവഴികളുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ രൂപരേഖ തയാറാക്കി.

പ്രധാന റോഡിൽ നിന്ന് മുഖ്യമന്ത്രിയുടെ വീടിനു പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കമുള്ള രൂപരേഖയാണു തയാറാക്കിയിരിക്കുന്നത്. ഈ വഴിയടക്കം ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, അഡീഷനൽ കമ്മിഷണർ പി.പി.സദാനന്ദൻ എന്നിവരടങ്ങിയ പൊലീസ് സംഘം കഴിഞ്ഞദിവസം പരിശോധിച്ചു.

Share this story