സമരകാഹളമുയര്‍ത്തി സമരാഗ്‌നി ജാഥ, കണ്ണൂരില്‍ പ്രതിപക്ഷ നേതാവിന് മുന്‍പില്‍ പരാതി പ്രളയം,വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച സംഭവത്തില്‍ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ചിത്രലേഖ

google news
chitralekha

കണ്ണൂര്‍: കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സമരകാഹളമുയര്‍ത്തി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് കാസര്‍കോട് നിന്നും ആരംഭിച്ച സമരാഗ്‌നി സംസ്ഥാന തല ജാഥയുടെ ഭാഗമായി ജനചര്‍ച്ചാസദസില്‍ പരാതികളുടെ പ്രവാഹം. കണ്ണൂരില്‍ നിന്നുമാത്രം നിരവധി പരാതികളാണ് ജാഥാനായകര്‍ക്ക് ലഭിച്ചത്. ഞായറാഴ്ച്ച രാവിലെ പത്തുമണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെയാണ് ജനസദസിന്റെ ഭാഗമായി നേതാക്കള്‍ സാധാരണക്കാരായവരും ദുരിതമനുഭവിക്കുന്നവരുമായവരോടുമായി മുഖാമുഖം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു പരാതികള്‍ സ്വീകരിച്ചത്. 

വിദ്യാര്‍ത്ഥികളും അമ്മമാരും വന്യമൃഗശല്യത്താല്‍ ദുരിതമനുഭവിക്കുന്ന മലയോരത്തെ ജനങ്ങളും കടബാധ്യതയാല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ ബന്ധുക്കളും നേതാക്കളെ കാണാനും തങ്ങളുടെ ജീവിതാവസ്ഥ പറയുവാനുമെത്തി. 

ഉളിക്കല്‍ കാലാങ്കിയിലെ ഏകാധ്യാപക വിദ്യാലയം എല്‍.പി സ്‌കൂളാക്കി മാറ്റി കൂടുതല്‍ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികളായ ഗോഡ്‌വിന്‍, ക്രിസ്‌വിന്‍ എന്നിവര്‍ തങ്ങളുടെ അധ്യാപിക ഹരിതയുമായെത്തിയത്. സര്‍ക്കാര്‍ അവഗണനകാരണം ഇവിടെ മിക്ക ദിവസങ്ങളിലും ക്ലാസ്  മുടങ്ങുകയാണെന്നും കാട്ടാനപ്പേടിയിലാണ് സ്‌കൂളിലേക്ക് പോകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. 

ഈക്കാര്യം  അടിയന്തിരമായി വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു പറഞ്ഞു സമാധാനിപ്പിച്ചാണ് പ്രതിപക്ഷ നേതാവ് വിദ്യാര്‍ത്ഥികളെ പറഞ്ഞയച്ചത്. കാട്ടാമ്പളളില്‍ അജ്ഞാതര്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷ കത്തിച്ചതിനാല്‍ തൊഴില്‍ ചെയ്യാനാവാതെ താന്‍ ദുരിതമനുഭവിക്കുകയാണെന്നും കടം വാങ്ങിയാണ് ജീവിതം മുന്‍പോട്ടു പോകുന്നതെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റും ഓട്ടോറിക്ഷ ഡ്രൈവറുമായ ചിത്രലേഖയുടെ പരാതി.  

സംഭവത്തില്‍ പൊലിസ് അന്വേഷണം നിലച്ചിരിക്കുകയാണ്.വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതികളെ പിടികൂടാതെ തന്നെ ചോദ്യം ചെയ്തുകൊണ്ടു കേസന്വേഷണം അവസാനിപ്പിക്കുകയാണ് പൊലിസ് ചെയ്തയെന്നും ചിത്രലേഖ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. 

തന്റെ ഓട്ടോറിക്ഷ കത്തിച്ചപ്പോള്‍ കോണ്‍ഗ്രസോ, ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ഇടപെട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ നിന്നും തന്നെ ഇറക്കിവിടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചിത്രലേഖ ചൂണ്ടിക്കാട്ടി. ഉളിക്കലില്‍ പളളിയില്‍ പോയി മടങ്ങവെ കാട്ടാന ചവുട്ടിക്കൊന്ന ജെസ്റ്റിന്റെ ഭാര്യയും നിറകണ്ണുകളോടെ സര്‍ക്കാര്‍ അവഗണിക്കുന്നതിന്റെ കഥപറയാനെത്തി.

 പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുകയല്ലാതെ ഭര്‍ത്താവിന്റെ മരണത്തോടെ നിരാശ്രയയായ തനിക്ക് ജോലി ഇതുവരെ ലഭിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മലയോരത്ത് ആത്മഹത്യചെയ്ത കര്‍ഷ,കരുടെ ഭാര്യമാര്‍ കടബാധ്യതയുടെ കദനകഥകളുമായാണ് പ്രതിപക്ഷ നേതാവിനെ കാണാനെത്തിയത്. ആറളം ഫാമില്‍ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കാട്ടാനപ്പേടിയോടെ ഓരോദിവസവും തളളിനീക്കുകയാണെന്ന് ആറളം സ്വദേശിനിയായ ശോഭ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. 

സമരകാഹളമുയര്‍ത്തി സമരാഗ്‌നി ജാഥ, കണ്ണൂരില്‍ പ്രതിപക്ഷ നേതാവിന് മുന്‍പില്‍ പരാതി പ്രളയം,വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചസംഭവത്തില്‍ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ചിത്രലേഖ

ജലപാതപദ്ധതി വിനാശകരമാണെന്നും അതു ഉപേക്ഷിക്കാനുളള സമരത്തിനായി സഹായിക്കണമെന്നും സമരസമിതി കണ്‍വീനര്‍ പി.പി മോഹനന്‍ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. കശുവണ്ടിക്ക് താങ്ങുവില നല്‍കാന്‍ ഇടപെടണമെന്നു ഇരിട്ടിയിലെ കര്‍ഷകരും വാഹനാപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്‌സാ സഹായം നല്‍കണമെന്ന് ഇരകളായവരും ആവശ്യപ്പെട്ടു. 

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവിനൊടൊപ്പം പരാതികള്‍ സ്വീകരിച്ചു.നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നവര്‍ ഉള്‍പ്പെടെയുളള നിവേദനങ്ങള്‍ സ്വീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയുകയും ചെയ്തതിനു  ശേഷമാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സമരാഗ്‌നി ജാഥാപ്രയാണവുമായി വടകരയിലേക്ക് പോയത്.

Tags