വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവം; അന്വേഷണസംഘം ഇന്ന് തെളിവുകൾ ശേഖരിക്കും
ആലപ്പുഴ :വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള സംഘം ഇന്ന് തെളിവുകൾ ശേഖരിക്കും. രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി ആദ്യ പരിശോധനകൾ നടത്തും. ഡബിൾ എൻസി ആശുപത്രിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എത്തും.
കഴിഞ്ഞദിവസം അമ്പലപ്പുഴ എംഎൽഎ ജില്ല മെഡിക്കൽ ഓഫീസറുടെയും കളക്ടറുടെയും നേതൃത്വത്തിൽ അടിയന്തരയോഗം വിളിച്ച് ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ അന്വേഷണം പൂർത്തിയായി ഡിഎംഒ ഇന്നലെ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ സ്കാനിങ് സെന്ററിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
അതേസമയം, ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നും ഏഴാം മാസത്തിൽ തന്നെ കുട്ടിക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും ഡോക്ടർ മാതാപിതാക്കളെ അറിയിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടത്തിയ ഏഴ് സ്കാനിംഗ് റിപ്പോർട്ടുകളിലും കുഞ്ഞിന്റെ അപകടകരമായ സ്ഥിതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ഇല്ലായിരുന്നു. തെറ്റായ റിപ്പോർട്ടുകൾ ആയിരുന്നു സ്കാനിങ് നടത്തിയ സ്വകാര്യ ലാബുകളിലേത് എന്നാണ് ഡോക്ടർമാർ പറയുന്നത്.