മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

cm
cm

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ  സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയോജനങ്ങളുടെ  പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവർ തനിച്ചായിപോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

ആയിരത്തിയറുന്നൂറ് രൂപാ നിരക്കിൽ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കിവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ പെൻഷനർഹതയുള്ള എല്ലാവർക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു. ഇതാണ് മുതിർന്ന പൗരരോടുള്ള കേരള സർക്കാരിന്റെ കരുതൽ.

മുതിർന്ന പൗരരുടെ വിവിധ തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന  മാനസിക സമ്മർദം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും നൽകുന്ന വയോഅമൃതം പദ്ധതി അതിൽ ഒന്നാണ്. അതുപോലെ മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈൻ. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ഈ ഹെൽപ്പ്‌ലൈൻ മുഖേന ബന്ധപ്പെടാനാകും. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം എന്ന പേരിൽ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ  വകുപ്പിന് കീഴിലുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി സ്വയംപ്രഭാ ഹോം പദ്ധതി ആരംഭിച്ചു.

        മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തുന്നവർക്കും സംരക്ഷിക്കാൻ ബന്ധുക്കളില്ലാത്ത നിർധനരായ വയോജനങ്ങക്കും പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, പുനരധിവാസം തുടങ്ങിയവയ്ക്കായി പണം ചിലവഴിക്കുന്നതിനു ജില്ലാ സാമൂഹ്യനീതി ഓഫിസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. മറവി രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണ് ഓർമ്മത്തോണി.

മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ പരമാവധി ഐടി അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച സേവനം മുതിർന്ന പൗരന്മാർക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. വാതിൽപ്പടി സേവനങ്ങൾ പ്രധാനമായും മുതിർന്ന പൗരന്മാരെ ഉദ്ദേശിച്ചാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫിസുകളിൽ ചെല്ലേണ്ടതില്ലാത്ത വിധം വീട്ടുപടിക്കൽ തന്നെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ്.

മുതിർന്ന പൗരരുടെ ക്ഷേമത്തിനായി മാർഗ്ഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും മുതിർന്ന പൗരരുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും ഉത്തരവുകളും കാര്യക്ഷമമായി നടപ്പില്ലാക്കുന്നത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുമായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കും. ഇതിനായുള്ള വയോജന കമ്മീഷൻ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന വയോജന നയം 2013 പരിഷ്‌ക്കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതിനും നടപടി ആരംഭിക്കും. അതോടൊപ്പം സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഫോർ ദി എൽഡേർലി തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഒപ്പം തന്നെ മുതിർന്ന പൗരന്മാരുടെ മേഖലയിൽ സമഗ്ര നിയമനിർമ്മാണം നടത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

        വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുതിർന്ന പൗരന്മാർക്കുള്ള  നഗരരത്‌ന പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, പരിസ്ഥിതി പ്രവർത്തകൻ ആർ വി ജി മേനോൻ, മുതിർന്ന മാധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ന്യൂറോളജിസ്റ്റ് ഡോ. കെ രാജാശേഖരൻ നായർ, നടൻ മധു, സംഗീതജ്ഞൻ പി ആർ കുമാര കേരള വർമ്മ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പത്മിനി തോമസ് എന്നിവരാണ് നഗരരത്‌ന പുരസ്‌കാരത്തിന് അർഹരായവർ.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, എ എ റഹീം എം.പി., വി കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags