സംസ്ഥാനം നീങ്ങുന്നത് ഗുരു തെളിച്ച പാതയിൽ : മുഖ്യമന്ത്രി

cm-pinarayi
cm-pinarayi

വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും കാർഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിർമ്മാർജ്ജനത്തിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ശ്രീനാരായണ ഗുരു തെളിച്ച പാതയിലാണ് സംസ്ഥാന സർക്കാരും നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ണൂറ്റിരണ്ടാം ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീബുദ്ധന്റെ അഷ്ടാംഗമാർഗം പോലെ എട്ടു കാര്യങ്ങൾ ഗുരുവും നിർദ്ദേശിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർത്ഥാടകനും ലക്ഷ്യമായി കരുതേണ്ടതെന്ന് ഗുരു പറയുമ്പോൾ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണ് ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അന്നേ ഗുരു പറഞ്ഞു. ഈ പാതയിൽ തന്നെയാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോർട്ടുകൾ നിത്യേന പുറത്തു വരുന്നുണ്ട്. വംശീയ വേർതിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘർഷങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകൾ ഒഴുകുന്നുണ്ട്. മനുഷ്യർക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളിൽനിന്നു രക്ഷപ്പെടാൻ കൂട്ടപലായനം ചെയ്യേണ്ടിവരുന്നുണ്ട്. എല്ലായിടത്തും ചോർന്നുപോകുന്നതു മനുഷ്യത്വമാണ്. അത് പലസ്തീനിലായാലും അഫ്ഗാനിസ്ഥാനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ഓരോ വംശീയ സംഘർഷവും മുറിവേൽപ്പിക്കുന്നത് മനുഷ്യത്വത്തെയാണ്. ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാവുക. ഗുരു ജീവിച്ചു മനുഷ്യത്വം പടർത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തിൽ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതിൽ ആളിപ്പടരാതിരിക്കുന്നത്. അതുകൊണ്ട്  ഗുരു സന്ദേശങ്ങൾ ലോകമെമ്പാടും പടർത്താനുള്ള ശ്രമങ്ങൾ നടത്തണം.

സനാതന ധർമ്മത്തെ  ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു ഗുരു. മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്.  ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം. ആ യുഗപ്രഭാവന്റെ ആശയങ്ങൾ ഉൾക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീർത്ഥാടനവും അങ്ങനെ മഹത്വമാർജ്ജിക്കുന്നു.  ഗുരുവിന്റെ മഹത്വമാർന്ന സന്ദേശങ്ങൾ ഉൾക്കൊള്ളാനുള്ളതാവണം ഓരോ തീർത്ഥാടകന്റെയും യാത്ര. മനുഷ്യസ്‌നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്‌നേഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല.

'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്നതായിരുന്നല്ലോ ഗുരുവിന്റെ സങ്കൽപ്പം. അരുവിപ്പുറമായാലും ചെമ്പഴന്തിയായാലും ശിവഗിരിയായാലും ഗുരുവുമായി ബന്ധപ്പെട്ട ഏതു സ്ഥാനവും സ്ഥാപനവും എല്ലാവർക്കുമായി എന്നും തുറന്നിരിക്കണം. ആ ആശയത്തിന്റെ അനുരണനങ്ങൾ കേരളത്തിന്റ മുക്കിലും മൂലയിലുമുണ്ടാകണം. ലോകമാകെ ശ്രദ്ധിക്കുന്ന മാതൃകാസ്ഥാനമായി ഈ നാടുതന്നെ മാറിത്തീരണം.

ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രവർത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങൾക്കെതിരെയുള്ള പ്രവർത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവർത്തനം. ഈ മൂന്ന് പ്രവർത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകൻ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയിൽ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാർത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാൻ സന്ദേശങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാർത്ഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു. മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നൽകിയത്. അല്ലാതെ ജാതീയതയുടെ സങ്കുചിത സന്ദേശമല്ല.

ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാർക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കൽപ്പിച്ചത്. അത് സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അങ്ങനെയുണ്ടായാൽ അതിനെ ചെറുത്തുതോൽപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഇവിടെയെത്തുന്ന ഓരോ തീർത്ഥാടകനും മടങ്ങാൻ. എന്നാൽ മാത്രമേ ശിവഗിരി തീർത്ഥാടനം അർത്ഥപൂർണ്ണമാവൂ എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ശ്രീനാരായണ ഗുരു സമാധിയിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്  സച്ചിദാനന്ദസ്വാമികൾ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ മുഖ്യാതിഥി ആയിരുന്നു. എംഎൽഎമാരായ വി ജോയ്, ചാണ്ടി ഉമ്മൻ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ എംഎൽഎ വർക്കല കഹാർ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മുംബൈ ശ്രീനാരായണമന്ദിര സമിതി ചെയർമാൻ എം.ഐ ദാമോദരൻ,  റെയിൽവേ അമിനിറ്റീസ് ബോർഡ് ചെയർമാൻ പി കെ കൃഷ്ണദാസ്, ക്യുഇഎൽ ചെയർമാൻ കെ ജി ബാബുരാജ്, ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ ഡോ സുരേഷ്‌കുമാർ മധുസൂദനൻ, തീർത്ഥാടന കമ്മിറ്റി  സെക്രട്ടറി ഋതംഭരാനന്ദസ്വാമികൾ,  ചെയർമാൻ  കെ മുരളീധരൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ബോർഡ് മെമ്പർ സൂക്ഷ്മാനന്ദസ്വാമികൾ, ട്രഷറർ ശാരദാനന്ദസ്വാമികൾ തുടങ്ങിയവർ മഹാസമ്മേളനത്തിൽ പങ്കെടുത്തു.

Tags