തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണം : മുഖ്യമന്ത്രി
ജയിലുകൾ അന്തേവാസികൾക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക മർദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് ജയിലിനുള്ളിൽ ഇടമുണ്ടാകാൻ പാടില്ല. ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവർ പാത്രമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2015 ലെ നെൽസൺ മണ്ടേല റൂൾസ്, 2016 ലെ മോഡൽ പ്രിസൺ മാനുവൽ, 2023 ലെ മോഡൽ പ്രിസൺ ആക്ട്, സുപ്രീം കോടതി - ഹൈക്കോടതി വിധിന്യായങ്ങൾ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവയുടെ ഉത്തരവുകൾ തുടങ്ങിയവയിൽ ഉൾപ്പെട്ടിട്ടുള്ള ജയിൽ പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ പ്രതിബദ്ധതയാർന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. പുതുതായി നിർമ്മിക്കുന്ന ജയിൽ കെട്ടിടങ്ങൾ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ളതായിരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജയിൽ അന്തേവാസികളുടെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും ഇടപെടലും ആവശ്യമുണ്ട്. അന്തേവാസികൾക്ക് പൊതുചികിത്സാലയങ്ങളുടെ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. മാനസിക ചികിത്സാ സൗകര്യങ്ങളും കൗൺസലിംഗ് സേവനങ്ങളും കാലോചിതവും സമഗ്രവുമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ റിക്രിയേഷനുവേണ്ട അവസരങ്ങൾ നിലവിൽ ജയിലിലുണ്ട്. അവയുടെ പരിഷ്‌ക്കരണത്തിനുള്ള നിർദേശങ്ങൾ പരിശോധിക്കും.
2020 ൽ ആരംഭിച്ച വീഡിയോ കോൺഫറൻസിംഗ് സൗകര്യം കോടതികളിലെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. അന്തേവാസികളുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള സാഹചര്യങ്ങൾ വിപുലമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ, നിരവധി നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. അന്തേവാസികൾക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യസുരക്ഷ, നിയമസഹായം, കൗൺസലിംഗ് എന്നിവ ലഭ്യമാക്കുന്നതിന് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതികൾ വിഭാവനം ചെയ്യണം. ജയിലുകളിലെ ഫ്രീഡം ഫുഡ് ഫാക്ടറി, ഫ്രീഡം ഫ്യുവൽസ് തുടങ്ങിയ സംരംഭങ്ങൾ സ്വതന്ത്രരായ തടവുകാരുടെ പുനരധിവാസത്തിന് ഉതകുന്ന തൊഴിൽ മേഖലകളാക്കി പരിവർത്തിപ്പിക്കാൻ ശ്രമമുണ്ടാകണം. അന്തേവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
ജയിൽ മോചിതരാകുന്ന വേളയിൽ അനാഥരാവുകയോ രോഗാവസ്ഥ മൂലം ആരും ഏറ്റെടുക്കാതെ വരികയോ ചെയ്യുന്നവർക്കായി ട്രാൻസിറ്റ് ക്യാമ്പുകൾ ആരംഭിക്കാനാകണം. ജയിൽ ടൂറിസം പദ്ധതിയും മ്യൂസിയം ക്യൂറേഷനും കാലാനുവർത്തിയായ ആലോചനകളിൽ ഉൾപ്പെടുത്തണം. ഇത്തരം നിർദ്ദേശങ്ങൾ സമിതി വിശദമായി ചർച്ച ചെയ്യണം. അവ നടപ്പാക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചയും തീരുമാനവും ഉണ്ടാകണം.
ജയിൽ ഉദ്യോഗസ്ഥരും അന്തേവാസികളും ജയിൽ സ്ഥാപനങ്ങളും മാത്രമുൾക്കൊള്ളുന്ന ഒരു അജൈവ പദ്ധതിയാണ് തിരുത്തൽ പ്രക്രിയ എന്ന പൊതുധാരണ മാറണം. തിരുത്തൽ പ്രക്രിയയിൽ പൊതുസമൂഹത്തിന് പ്രായോഗികവും മൂർത്തവുമായ ധാരാളം സംഭാവനകൾ നൽകാൻ സാധിക്കും. ഈ കാഴ്ചപ്പാടോടെയാണ് സർക്കാർ ജയിൽ അഡ്വൈവസറി ബോർഡ് പദ്ധതി ആവിഷ്‌ക്കരിച്ചത്. സന്ദർശകരായി ജയിലിനുള്ളിൽ പ്രവേശിക്കുന്ന ബോർഡ് അംഗങ്ങൾക്ക് ജയിൽ പരിഷ്‌കരണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി അന്തേവാസികൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾക്ക് ചെവി കൊടുക്കാനാവണം. ജയിൽ ഭരണകർത്താക്കളിലും സർക്കാരിലും അവ യഥാസമയം എത്തിക്കുകയും വേണം. അവയിൽ ന്യായമായവ നടപ്പാക്കുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയിലുകൾ സർക്കാരിന്റെ മർദ്ദനോപാധിയല്ല. സാമൂഹിക രോഗാവസ്ഥയ്ക്കുള്ള ചികിത്സാ കേന്ദ്രങ്ങളാണെന്ന ആധുനിക വീക്ഷണം നടപ്പിലാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി ശിവദാസൻ എം പി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ ബി സതീഷ് എം.എൽ.എ, കെ ശാന്തകുമാരി എം.എൽ.എ, ജയിൽ വകുപ്പ് മേധാവിബൽറാം കുമാർ ഉപാദ്ധ്യായ, ജയിൽ ആസ്ഥാന കാര്യാലയം ഡി ഐ ജി എം കെ വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനൽ കുമാർ , മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന സെഷനെ തുടർന്ന് ഉപദേശക സമിതി അംഗവും റിട്ട. ജയിൽ ഡിഐജിയുമായ എസ് സന്തോഷ് തടവുകാരുടെ ക്ഷേമം, തെറ്റുതിരുത്തൽ, പുനരധിവാസം എന്ന വിഷയത്തിൽ പേപ്പർ അവതരിപ്പിച്ചു. പാനൽ ചർച്ചയും നടന്നു.