സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും: മുഖ്യമന്ത്രി
മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യന്താധുനിക പഠന സങ്കേതങ്ങളുമൊരുക്കി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്തരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാര്യവട്ടം ക്യാമ്പസിൽ പുതിയ രണ്ട് ഹോസ്റ്റലുകളുടെയും റീജനറേറ്റീവ് മെഡിസിൻ - സ്റ്റെം സെൽ ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോളേജ് വിദ്യാർഥികളുമായുള്ള ചർച്ചയിൽ നിന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന കാഴ്ചപ്പാട് 2016-ൽ തന്നെ സർക്കാരിനുണ്ടായി.
സർവകലാശാലകളിൽ താമസിച്ച് പഠിക്കാനുള്ള അവസരം സൃഷ്ടിക്കണം, ലൈബ്രറി, ലാബ് സൗകര്യങ്ങൾ 24 മണിക്കൂറും ഉപയോഗിക്കാൻ സാധിക്കണം എന്നതും വിദ്യാർഥികളുടെ ആവശ്യമായിരുന്നു. ആ ആശയം സംസ്ഥാന സർക്കാർ സ്വീകരിച്ചു. സർവ്വകലാശാലകളുടെ റാങ്കിങ് നിലവാരം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകി.
ആദ്യഘട്ടത്തിൽ ആദ്യ 100 റാങ്കിലേക്കും തുടർന്ന് ആദ്യപത്തിലേക്കും എത്തിക്കുകയായിരുന്നു ഉദ്ദേശ്യം. വിസിമാർ സർവകലാശാലകളിൽ ഇത് പ്രധാന പരിപാടിയായി ഏറ്റെടുത്തു. ഇതിൽ ഏറ്റവും മികവാർന്ന വിജയം കേരള സർവകലാശാല നേടി. ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിച്ച് നമ്മൾ നേടിയ നേട്ടങ്ങളെ കൂടുതൽ ഉന്നതിയിലെത്തിക്കാൻ കഴിയണം.
നാക്കിന്റെ റീ അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിന്റോടെ എ പ്ലസ് പ്ലസ് നേടിയ ആദ്യത്തെ സംസ്ഥാന സർവ്വകലാശാലയാണ് കേരള സർവ്വകലാശാല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിം വർക്കിൽ സംസ്ഥാന സർവ്വകലാശാലാ വിഭാഗത്തിൽ ഒമ്പതാം സ്ഥാനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗ് നിശ്ചയിക്കുന്ന സുപ്രധാന സൂചികയായ ക്യു എസ് ഏഷ്യൻ റാങ്കിങ്ങിൽ 339-ാം സ്ഥാനവും ദക്ഷിണേഷ്യയിൽ 88-ാം സ്ഥാനവും കേരള സർവ്വകലാശാല നേടി.
നേട്ടങ്ങളിൽ ഊന്നി നിന്നുകൊണ്ട് നാം പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലുകളും റീജെനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റെം സെൽ ലബോറട്ടറിയും ഇവിടെ ഒരുക്കിയിരിക്കുന്നത്.
സമഗ്രവും സുസ്ഥിരവുമായ വികസനവും ക്ഷേമവും ഉറപ്പാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് നൂറുദിന കർമ്മ പരിപാടിയിലൂടെ സർക്കാർ സാധ്യമാക്കുന്നത്. ഇത്തവണ നൂറു ദിവസംകൊണ്ട് 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1,070 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവയിലൂടെ 3 ലക്ഷത്തോളം തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇതിനോടകം മുപ്പതിനായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു. 30 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയും 12 സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തു. 456 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തി. 37 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്യപ്പെടാനുണ്ട്. ലൈഫ് മിഷനിലൂടെ നിർമ്മിച്ച 10,000 വീടുകൾ കൈമാറാനുണ്ട്. ഇത്തരത്തിൽ വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിരവധി ഇടപെടലുകളാണ് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തുന്നത്.
കാര്യവട്ടത്തെ പെൺകുട്ടികളുടെ പുതിയ ഹോസ്റ്റൽ 39,554.2 ചതുരശ്ര അടിയും ആൺകുട്ടികളുടെ ഹോസ്റ്റൽ 33,782.4 ചതുരശ്ര അടിയുമാണ്. 23 കോടിയോളം രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്. 500 ഓളം വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹോസ്റ്റലുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേകം മുറികൾ തയ്യാറാക്കിയിട്ടുണ്ട്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഹോസ്റ്റലുകൾ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 8 വർഷം കൊണ്ട് 90,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന ഏറ്റെടുത്തത്. പതിറ്റാണ്ടുകൾ കാത്തിരുന്നാൽ പോലും യാഥാർത്ഥ്യമാകാൻ സാധ്യതയില്ലാത്ത പല പദ്ധതികളും പൂർത്തിയായി. റീജനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റെം സെൽ സെന്റർ 4.44 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.
വ്യത്യസ്ത മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിച്ച് കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
കാര്യവട്ടം ക്യാമ്പസിലെ ലാബിലൂടെ റീജെനറേറ്റീവ് മെഡിസിനുമായി ബന്ധപ്പെട്ട മേഖലകളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കഴിയണം. അതിനായി അക്കാദമിക രംഗത്തു മാത്രമല്ല, കേരളത്തിന്റെ ആരോഗ്യ രംഗത്തിനാകെ സംഭാവന നൽകാൻ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തെ വളർത്തിയെടുക്കുന്നതിൽ ഏവരും ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി. മുരളിധരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എസ്. നസീബ്, ഡോ. ഷിജുഖാൻ ജെ. എസ്., ആർ. രാജേഷ്, ഡോ.കെ. ജി. ഗോപ്ചന്ദ്രൻ, ഡോ. എം. ലെനിൻ ലാൽ, ഡോ.പി.എം. രാധാമണി, അഡ്വ. ആർ. ബി. രാജീവ് കുമാർ,ഡോ. ടി. ആർ. മനോജ്, ഡോ. എസ്. ജയൻ, ഡോ. പ്രകാശ് കെ. സി., ഡോ. റഹിം കെ, ഡോ. പ്രമോദ് എൻ.,ഡോ. മനോജ് വി, ഡോ. വിനോദ്കുമാർ റ്റി. ജി. നായർ, അജയ് ഡി.എൻ, അഹമ്മദ് ഫാസിൽ വൈ, പി. എസ്. ഗോപകുമാർ, കേരളസർവ്വകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, ക്യാമ്പസ് ഡയറക്ടർ ഡോ.ജോസുകുട്ടിസി.എ, കിഫ്ബി കോർഡിനേറ്റർ ഡോ. സാം സോളമൻ, സ്റ്റെം - എ സി ഇ ആർ എം ഡയറക്ടർ ഡോ.ശ്രീജിത് പരമേശ്വരപണിക്കർ, ഗവേഷക യൂണിയൻ ചെയർമാൻ അജിന്ത് അജയ് എന്നിവർ സംബന്ധിച്ചു.