ഡിജിറ്റൽ ലാൻഡ് സർവേയിൽ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം: മുഖ്യമന്ത്രി
ഇന്ത്യയിൽ ഡിജിറ്റൽ ലാൻഡ് സർവേയിൽ കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റൽ ലാൻഡ് സർവേ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് എന്റെ ഭൂമി ഡിജിറ്റൽ ഭൂരേഖാ സംവിധാനം യാഥാർത്ഥ്യമായിട്ടുള്ളത്. രാജ്യത്തിനാകെ മാതൃകയായ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഭൂരേഖാ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിലൂടെ ലഭിക്കും. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്‌കെച്ച്, സർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിർണയം, ഓട്ടോമ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ ഒട്ടേറെ സേവനങ്ങൾ ഇനി ഈ പോർട്ടലിലൂടെ ലഭ്യമാകും.
വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ഇനി പൊതുജനങ്ങൾക്ക് ഭൂമിസംബന്ധമായ ഇടപാടുകൾ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാർസലുകളിലായി 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ ഇതിനോടകം പൂർത്തിയാക്കി. കാസർകോട് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലേക്കും വ്യാപിപ്പിക്കും.
സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഈ കാഴ്ചപ്പാടോടെ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പന്ത്രണ്ട് പുതിയ റവന്യൂ ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വസ്തുവിന്മേലുള്ള ബാധ്യത രേഖപ്പെടുത്തുന്നതിനും ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും കെട്ടിട നികുതി അപ്പീൽ നൽകുന്നതിനുമുള്ള ഓൺലൈൻ സംവിധാനങ്ങൾ സംസ്ഥാനത്ത് നിലവിൽ ലഭ്യമാണ്. റവന്യൂ റിക്കവറി ഡിജിറ്റൽ പേമെന്റ് സംവിധാനവും ഇ-സർവ്വീസ് മൊബൈൽ ആപ്ലിക്കേഷൻ പരാതി പരിഹാര സംവിധാനങ്ങളും ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളുടെ വിവരം ലഭ്യമാക്കാനുള്ള സംവിധാനവും എല്ലാം ഇ-സർവീസ് മുഖേനയാക്കിവരികയാണ്.
റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ നൂതന സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഡിജിറ്റൽ റീസർവ്വേ നടപ്പാക്കിയും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കിയും യുണീക്ക് തണ്ടപ്പേർ ഏർപ്പെടുത്തിയും ഇ-ഗവേർണൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും കേരളത്തിലുള്ളവർക്കു മാത്രമല്ല, ലോകമെങ്ങുമുള്ള കേരളീയ പ്രവാസി സഹോദരങ്ങൾക്കാകെ ഉപകാരപ്രദമാകുംവിധം റവന്യൂ വകുപ്പിന്റെ സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. റവന്യൂ വെബ് പോർട്ടൽ വഴി നൽകുന്ന സേവനങ്ങൾ നിലവിൽ 10 വിദേശ രാജ്യങ്ങളിൽ കൂടി ലഭ്യമാണ്. യു കെ, യു എസ് എ, കാനഡ, സിങ്കപ്പൂർ, സൗദി അറേബ്യ, യു എ ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടമായി സേവനങ്ങൾ ലഭ്യമാക്കുന്നത്. പടിപടിയായി ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാനത്ത് ഇ-പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും പ്രത്യേക പട്ടയമിഷനു രൂപം നൽകിയതും എല്ലാം ഭൂമിയുടെ കൈവശാവകാശം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകളാണ്. ഇതിനൊക്കെ പുറമെയാണ് ഐ എൽ ഐ എം എസ് പോർട്ടൽ യാഥാർത്ഥ്യമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ ലോഞ്ചിംഗ് വീഡിയോ മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്തു.
റവന്യു വകുപ്പ് മന്ത്രി കെ രാജൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പദ്ധതി വിശദീകരിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാണം നടത്തി. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, ആന്റണി രാജു എംഎൽഎ, ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഡി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മീഷണർ ഡോ എ കൗശിഗൻ, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.