ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് 65കാരന് ദാരുണാന്ത്യം

DROWNED TO DEATH

ആലപ്പുഴ: ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് 65കാരന് ദാരുണാന്ത്യം. ഇടത്തട്ടിൽ അശോകനാണ് മരിച്ചത്. റോഡിനോട് ചേർന്നുള്ള പാടത്ത് വീണാണ് അപകടം.

ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്. കനത്ത മഴയെ തുടർന്ന് ചേർത്തലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. തമ്മിൽ തിരിച്ചറിയാനാകാത്ത വിധത്തിലാണ് അശോകന്റെ വീട്ടിലും സമീപമുള്ള റോഡിലും പാടത്തുമെല്ലാം വെള്ളം കയറിയത്. പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയ അശോകൻ കാലെടുത്ത് വച്ചത് പാടത്തെ വെള്ളക്കെട്ടിലേക്കായിരുന്നു. മുങ്ങിത്താണ അശോകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴയിൽ കനത്ത മഴയെത്തുടർന്നുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് ഇന്നലെ കായംകുളം സ്വദേശി മരിച്ചിരുന്നു. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ടുകൾ അതേപടി തുടരുന്നത് ആലപ്പുഴയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

Tags