രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശിച്ചെന്ന ആരോപണം തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്
രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു.
ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമെന്ന ആരോപണങ്ങള്‍ തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൊന്നും വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ഒരു ബൂത്ത് പ്രസിഡന്റ് പോലും സ്ഥാനാര്‍ത്ഥിയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും അനീഷ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമുയര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഗ്രൂപ്പില്‍ രമ്യ ഹരിദാസ് മോശം സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നതെന്ന രീതിയില്‍ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്ഥാനാര്‍ത്ഥി വളരെ മോശമായിരുന്നുവെന്നും അത് എല്ലാവര്‍ക്കും നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അവതരിപ്പിച്ചത് രമ്യയെ ആയതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നു.