കേരളത്തിന് വായ്പ തുക നിശ്ചയിച്ച് നല്‍കാതെ കേന്ദ്രം; പെന്‍ഷന്‍ വിതരണം അടക്കം പ്രതിസന്ധിയിലേക്ക്

google news
pension

പെന്‍ഷന്‍ കുടിശിക വിതരണത്തില്‍ പ്രതിസന്ധി. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നല്‍കാന്‍ കേന്ദ്രം തയ്യാറാകത്തതില്‍ ആശങ്കയില്‍ ആയിരിക്കുകയാണ് കേരളം. ഡിസംബര്‍ വരെയുള്ള വായ്പ തുകക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും കേന്ദ്ര തീരുമാനം അറിയിച്ചിട്ടില്ല.

ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി നിര്‍ണയിച്ച് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നല്‍കണം.


വായ്പ തുക അനുവദിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തുക വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയിലാണ് ധനവകുപ്പ്. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക 2,800 കോടിയും ക്ഷാമബത്ത കുടിശിക 1,400 കോടിയും കൊടുത്തു തീര്‍ക്കാനുണ്ട്.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള 20,000 കോടി മരവിപ്പിച്ച് നിര്‍ത്തിയാണ് ധനസ്ഥിതി പിടിച്ച് നിര്‍ത്തുന്നതും. ഈ ഘട്ടത്തില്‍ വായ്പ പരിധി വെട്ടിക്കുറയ്ക്കുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയ തിരിച്ചടിയാകും.

Tags