സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന് നേരെ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവല്ല : തിരുവല്ലയിലെ കുറ്റൂരിൽ സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിന് നേരെ നടന്ന ആക്രമണത്തിലെ പ്രതി എന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വീട്ടുമുറ്റത്തെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഗണർ കാറിൻറെ ചില അടിച്ചു തകർത്ത സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ബനിയനും നിക്കറും ധരിച്ച ഒരു യുവാവ് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടി വീട്ടുമുറ്റത്തേക്ക് നടന്ന് അടുക്കുന്നതായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഉമാദേവിയുടെ വീടിൻറെ പിൻവശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഉമാദേവിയും 83 കാരിയായ മാതാവ് ശാന്തകുമാരി അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസം. ഞായറാഴ്ച രാവിലെ 7 മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിൻറെ ചില്ല് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് തിരുവല്ല സി ഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
തുടർന്ന് വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന് കൈമാറി. സിസിടിവിദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കിയതായി ഡിവൈഎസ്പി പറഞ്ഞു. ഉമാദേവിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പഠന ആവശ്യത്തിനായി മകൻ ബാംഗ്ലൂരിലും മകൾ പോണ്ടിച്ചേരിയിലും ആണ് ഉള്ളത്.