നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസ്: മുൻ ഇടുക്കി എസ് പിക്കെതിരെ വകുപ്പ് തല നടപടിക്ക് സിബിഐയുടെ ശുപാർശ.

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ മുൻ ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്ക് സിബിഐയുടെ ശുപാർശ. സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്കുമാറിനെ അറസ്റ്റ് ചെയ്ത വിവരം അന്നത്തെ എസ്പിക്കുണ്ടായിരുന്നു. പക്ഷെ തുടർന്നുള്ള കാര്യങ്ങൾ എസ്പി പരിശോധിച്ചില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇതേ സമയം രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോൾ കട്ടപ്പന ഡിവൈഎസ്പിയായിരുന്ന പി പി ഷംസ് ഗുരുതര കൃത്യവിലോപനം കാണിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 

സാമ്പത്തിക തട്ടിപ്പുകേസിൽ രാജ്കുമാറിനൊപ്പം രണ്ട് സ്ത്രീകളെയും കസ്റ്റഡിലെടുത്തിരുന്നു. ഷംസ് ഈ സ്ത്രീകളെ ചോദ്യം ചെയ്തപ്പോൾ രാജ്കുമാറിനെ നിയമവിരുദ്ധമായ കസ്റ്റഡിയിൽ വച്ച് മർദ്ദിക്കുന്ന വിവരം പറഞ്ഞുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിബിഐ കണ്ടെത്തി. ഷംസിനെ കേസിൽ പത്താം പ്രതിയാക്കി എറണാകുളം സിജെഎം കോടതിയിൽ സിബിഐ കുറ്റപത്രം നൽകി. നേരത്തെ നെടുങ്കണ്ടം സ്റ്റേഷനിലെ 9 പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് സിബിഐ കുറ്റപത്രം നൽകിയിരുന്നു. കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിൻറെ പോസ്റ്റുമോർട്ടത്തിൽ വീഴ്ചവരുത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ.ജയിംസ് കുട്ടിക്കെതികെയുപം വകുപ്പ്തല നടപടിക്ക് ശുപാർശ ചെയ്തു. രാജ്കുമാറിന് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ അഞ്ച് ഡോക്ടർമാർക്കെതിരെയും, ജയിലിൽ പാർപ്പിച്ചിരുന്നപ്പോൾ മേൽ നോട്ടത്തിൽ വീഴ്ചവരുത്തിയ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തല നടപടിക്ക് സിബിഐ ശുപാർശ ചെയ്തു.

2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വെച്ച് മരിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം.
 

Share this story