സി.ബി.ഐ അന്വേഷണത്തെ എതിർക്കുകയല്ല, സി.ബി.ഐ അവസാന വാക്കല്ല എന്നതാണ് എം.വി ഗോവിന്ദൻ പറഞ്ഞത് : മലയാലപ്പുഴ മോഹനന്
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന എം.വി ഗോവിന്ദന്റെ നിലപാട് തള്ളാതെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ. സി.ബി.ഐ അന്വേഷണത്തെ എതിർക്കുകയല്ല പാർട്ടി സെക്രട്ടറി ചെയ്തതെന്ന് മോഹൻ പറഞ്ഞു. സി.ബി.ഐ അവസാന വാക്കല്ല എന്നതാണ് എം.വി ഗോവിന്ദന്റെ പ്രതികരണമെന്നും അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി എന്ന നിലയിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഈ വിഷയത്തിൽ കുടുംബത്തിന്റെ താൽപര്യത്തിന്റെ കൂടെയാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ നീതി ലഭിക്കൂവെന്ന് കുടുംബം വിശ്വസിക്കുന്നു. ആ നിലപാടിനെ എതിർക്കുന്നില്ലെന്നും പിന്തുണക്കുന്നു. സിറ്റിങ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അത് നീതിപൂർവം നടക്കുമെന്നും മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി.
കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഭാര്യ കെ. മഞ്ജുഷ ഹൈകോടതിയിൽ ഹരജി നൽകിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസിയുടെ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ ആരെല്ലാം സന്ദർശിച്ചു എന്നത് കണ്ടെത്തേണ്ടത് അനിവാര്യമാണെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. നവീൻ മരിച്ചതായി കലക്ടറേറ്റ് ഉദ്യോഗസ്ഥൻ ഒക്ടോബർ 15ന് രാവിലെ എട്ടിന് അറിയിച്ചതിന് പിന്നാലെ വീട്ടുകാർ എത്തും മുമ്പുതന്നെ പൊലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയാറാക്കി. ഇൻക്വസ്റ്റിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്നാണ് നിയമം.
നവീൻ കോഴ വാങ്ങിയെന്ന് ആരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. വകുപ്പുതലത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ അഴിമതിക്കാരനാണെന്ന് വ്യാജ ആരോപണമുന്നയിക്കുകയും കൂടെ കൊണ്ടുവന്ന കാമറമാനെ ഉപയോഗിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.