ജാതീയതയെ മനുഷ്യപക്ഷത്തുനിന്നു ചെറുക്കാനാകണം: മന്ത്രി കെ രാജന്‍
തൃശൂര്‍: പൗരാവകാശങ്ങളെ ജാതീയതയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമം മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് നേരിടേണ്ടതുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. രാഷട്രീയാഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോഴും വിവിധ മതങ്ങളില്‍ വിശ്വസിക്കുമ്പോഴും മനുഷ്യന്‍ എന്ന ആശയത്തിലും ബന്ധത്തിലും ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കണം. ചൂരല്‍മലയിലെ ദുരന്തമുഖത്ത് നാം മനുഷ്യരെ കണ്ടു. അമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാന്‍ സന്നദ്ധമായി പേരറയാത്ത, നാടറിയാത്ത യുവതിയുടെ സന്ദേശം ലഭിച്ചു. മനുഷ്യത്വത്തിനു മുറിവേല്‍പിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല എന്നതിന്റെ ഉദാഹരണമാണിത്. തകര്‍ന്നടിഞ്ഞ ഒരുവീട്ടിലെ ചെളിക്കൂമ്പാരത്തിനകത്തുനിന്നും ലഭിച്ച ഒരു തുണ്ട് ആഭരണം ഉടമകള്‍ വരാനില്ലെന്നുറപ്പായിട്ടും അധികൃതരെ ഏല്‍പിക്കാന്‍ മനസ്സുകാട്ടുന്നവരുടെ നാടാണ് നമ്മുടെതെന്നും മന്ത്രി പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്വസ്ഥ മനസ്സുകളെ യോജിപ്പിക്കുന്നതില്‍ ഈ യാത്രക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. സാന്ത്വന പ്രവര്‍ത്തന രംഗത്ത് എസ് വൈ എസിന്റെ പ്രവര്‍ത്തനം ചൂരല്‍ മലയില്‍ താന്‍ നേരിട്ട് മനസ്സിലാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സമസ്തകേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സംഗമത്തിനെ ആശിര്‍വദിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി സന്ദേശപ്രഭാഷണം നടത്തി. യാത്രാനായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സംഗമത്തെ അഭിസംബോധന ചെയ്തു.
പി എസ് കെ മൊയ്തു ബാഖവി, സയ്യിദ് ഫസല്‍ തങ്ങള്‍, ടി ജെ സനീഷ് കുമാര്‍ എം എല്‍ എ, മുന്‍ എം പി. ടി എന്‍ പ്രതാപന്‍, സി ആര്‍ നീലകണ്ഠന്‍, കെ എസ് ഹംസ, സി എ റശീദ്, ശോഭാ സുബിന്‍, മലങ്കര ഓര്‍ത്തോഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഫാദര്‍ റെജി, ശ്രീമദ് സ്വാമി ബ്രഹ്‌മസ്വരൂപാനന്ദ സംസാരിച്ചു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ തൃശൂര്‍ മെഡി. കോളജ് ആര്‍ എം ഒ ഡോ. ആര്‍ ഷാജിക്ക് വീല്‍ ചെയറുകള്‍ സമര്‍പ്പിച്ചു.
ഐ എം കെ ഫൈസി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല, റഹ്‌മത്തുള്ള സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എന്‍ എം സ്വാദിഖ് സഖാഫി, എം എം ഇബ്രാഹിം, എം മുഹമ്മദ് സ്വാദിഖ്, അഡ്വ : പി യൂ അലി, അബ്ദുല്‍ അസീസ് നിസാമി വരവൂര്‍, ഇയാസ് പഴുവില്‍ സംബന്ധിച്ചു. എസ് വൈ എസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട് സ്വാഗതവും ഹമീദ് തളിയപാടത്ത് നന്ദിയും പറഞ്ഞു.