ബൈക്ക് യാത്രയ്ക്കിടെ പണം റോഡിൽ ചിതറിവീണു; പെറുക്കിയെടുത്ത് യാത്രക്കാർ; തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ ഉടമ

google news
cash

എറണാകുളം: ബൈക്ക് യാത്രയ്ക്കിടെ റോഡിൽ വീണ് നഷ്ട്ടമായ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫ്. കഴിഞ്ഞദിവസമായിരുന്നു ആലുവ കമ്പനിപ്പടി റോഡിൽ അഷ്‌റഫിന്റെ 40,000 രൂപ നഷ്ടമായത്. ബൈക്ക് യാത്രയ്ക്കിടെ പണം റോഡിൽ ചിതറി വീഴുകയായിരുന്നു. 

അഷറഫും സുഹൃത്ത് നെജീബും ചേർന്നാണ് തൃക്കാക്കര എൻ ജി ഒ ക്വാർട്ടേഴ്‌സിന് സമീപം പഴങ്ങളുടെ കച്ചവടം നടത്തുന്നത്. ആലുവ മാർക്കറ്റിൽ നിന്ന് വ്യാഴാഴ്ച രാവിലെ ഫ്രൂട്ട്‌സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടത്തിന് ശേഷം സ്കൂട്ടറിലാണ് അഷറഫ് പോയത്. അഷറഫിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പണം പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചിരുന്നെങ്കിലും താഴെ വീണതോടെ റോഡിൽ പറക്കുകയായിരുന്നു. റോഡിലൂടെ സഞ്ചരിച്ച യാത്രക്കാർ പണം പെറുക്കിയെടുക്കുകയും ചെയ്തു.

അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടകനൽകാനായി നോക്കിയപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. പണം നഷ്ടമായത്‌ എങ്ങനെയെന്നറിയാതെ സങ്കടത്തിലിരിക്കെയാണ് റോഡിൽ പണം പറന്ന വിവരം അഷറഫ് അറിയുന്നത്. ഉടൻ കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോൾ ഇവിടത്തെ സി.ഐ.ടി.യു അംഗമായ ചുമട്ടുതൊഴിലാളി നൗഷാദിന് 6,500 രൂപ ലഭിച്ചതറിഞ്ഞു. അദ്ദേഹം ഉടൻ പണം കൈമാറി. സമീപത്തെ ലോട്ടറി വില്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിയും തനിക്ക് കിട്ടിയ 4,500 രൂപ തിരികെ നൽകാമെന്നും അറിയിച്ചു. 

നഷ്ട്ടമായ 40,000 രൂപയിൽ പതിനായിരം രൂപയോളം മാത്രമാണ് ഉടമയ്ക്ക് തിരികെ ലഭിച്ചത്. തന്‍റെ പണം എടുത്തവര്‍ ദയ തോന്നി തിരികെ നൽകും എന്ന പ്രതീക്ഷയിലാണ് അഷറഫ്.