സംവിധായകന്‍ വികെ പ്രകാശിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
സംവിധായകന്‍ വികെ പ്രകാശിനെതിരെയുള്ള കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് കൈമാറുക.
കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ 2022ല്‍ സിനിമയുടെ കഥ പറയാനായി എത്തിയപ്പോള്‍ കടന്നുപിടിച്ചുവെന്ന യുവകഥകാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വി കെ പ്രകാശിനെതിരെ കേസെടുത്തിരുന്നു. 354 എ(ഐ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വി കെ പ്രകാശ് വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. കൊല്ലത്ത് എത്തിയാണ് വനിതാ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ പ്രകാശിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ വി കെ പ്രകാശ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിനോടാണ് വിശദീകരണം തേടിയത്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് വി കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും വി കെ പ്രകാശ് വ്യക്തമാക്കിയിരുന്നു.