തൊണ്ടിമുതൽ കേസ് റദ്ദാക്കണം : ആന്‍റണി രാജു ഹൈക്കോടതിയില്‍
Minister Antony Raju

തിരുവനന്തപുരം: തനിക്കെതിരായ തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്‍റെ ആവശ്യം.

അതേസമയം  കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരാണ് സ്പെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16  കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടിയാണ് തൃശൂർ സ്വദേശിയായ ജോർജ്ജ് വട്ടുകളം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നീണ്ടുപോയതിനെ കുറിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോ‍ർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ മുഖ്യമന്ത്രിയെയും സമീപിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ആന്‍റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

Share this story