ബ്രൂവറി വിവാദത്തിന് പിന്നില്‍ ദുഷ്ടലാക്കെന്ന് എം.വി. ഗോവിന്ദന്‍
പാലക്കാട്: ബ്രൂവറി വിവാദങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കാണെന്നും സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിഷയത്തിലെ സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയെ ഗോവിന്ദന്‍ തള്ളി. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ല. മദ്യനിര്‍മ്മാണ ശാലയ്ക്ക് വെള്ളം മഴവെള്ള സംഭരണിയില്‍ നിന്നായിരിക്കും. അഞ്ച് ഏക്കറില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നുണ്ട്. അതില്‍ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കും. അതിനാല്‍ കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ല.
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കേരളത്തില്‍ ഉത്പാദിപ്പിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ അംഗീകൃത എട്ട് ഡിസ്റ്റലറി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകാലങ്ങളില്‍ ആരംഭിച്ചതാണ്. സ്പിരിറ്റ് ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാന്‍ മാത്രം 100 കോടി രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്പിരിറ്റ് ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ കടത്തുകൂലി ലാഭമാകും. കുറേ പേര്‍ക്ക് ജോലിയും കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഭയങ്കര രീതിയില്‍ മദ്യം ഒഴുകുമെന്നാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പറയുന്നത്. കേരളത്തില്‍ മദ്യം വിതരണം ചെയ്യുന്നത് ബീവറേജ് കോര്‍പ്പറേഷനാണ്. കേരളത്തില്‍ 309 മദ്യവില്‍പ്പനശാലയാണ് ഉള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ 3780 എണ്ണമാണുള്ളത്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മദ്യം വില്‍പ്പന കുറയുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക കണക്കെന്നും അദ്ദേഹം പറഞ്ഞു.