റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം ; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശുപാർശ
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയിൽ എഡിജിപി റിപ്പോർട്ട് നൽകി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്.
തിങ്കളാഴ്ച സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ സാധ്യതയുണ്ട്. അതിനിടെ മെയ് മാസത്തിൽ വിരമിക്കാനിരിക്കുന്ന ജയിൽ ഡിഐജി അജയകുമാർ ഫെബ്രുവരി ഒന്ന് മുതൽ തനിക്ക് അവധി വേണമെന്ന അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിചെമ്മണ്ണൂരിനെ കാണാൻ ജയിലിലേക്ക് പാഞ്ഞെത്തുകയായിരുന്നുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ 'പവർ ബ്രോക്കറെ' ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉൾപ്പെടെ ബോബി ചെമ്മണ്ണൂരിന് ഉപയോഗിക്കാൻ സൗകര്യമൊരുക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകി. പിന്നാലെയാണ് ജയിൽ എഡിജിപിയുടെ റിപ്പോർട്ട്.