തൃപ്പൂണിത്തുറയിലെ ഉഗ്രസ്‌ഫോടനം : കരാറുകാരന്റെ ഗോഡൗണില്‍ പൊലീസ് പരിശോധന

google news
thripunithara
കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തന്‍കോട് ശാസ്തവട്ടം ഗോഡൗണില്‍ പൊലീസിന്റെ പരിശോധന. ആളൊഴിഞ്ഞ പുരയിടത്തില്‍ വലിയ പടക്കങ്ങള്‍ കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദര്‍ശാണ് പടക്കം പൊട്ടിക്കുന്നതിന് കരാര്‍ എടുത്തത്. പൊട്ടിത്തെറിയില്‍ ആദര്‍ശിന് ഗുരുതര പരുക്ക് പറ്റി ചികിത്സയിലാണ്.

പോത്തന്‍കോട് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊട്ടിത്തെറി നടന്നയുടന്‍ ഗോഡൗണില്‍ നിന്ന് വലിയ തോതില്‍ സാധനങ്ങള്‍ മാറ്റിയിരുന്നു. പൊലീസ് പരിശോധനയില്‍ ഗോഡൗണില്‍ നിന്നും കഞ്ചാവ് കണ്ടെത്തി.കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിര്‍മ്മാണശാലയിലെ രണ്ടു ജീവനക്കാര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു.

ഇതിനിടെ, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. നഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ റവന്യൂ വിഭാഗം ശേഖരിച്ചുതുടങ്ങി. മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക.

Tags