ആന കൊമ്പ് വിൽപന നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത് കള്ളനോട്ടുകൾ

google news
jhgvcvb


കണ്ണൂർ:ആനക്കൊമ്പ് വിൽപന നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വനംവകുപ്പ് പിടികൂടിയത് നിരോധിത നോട്ടുകൾ. ഒന്നേകാൽ ലക്ഷത്തിന്‍റെ നിരോധിത 1000, 500 രൂപ നോട്ടുകളാണ് പിടികൂടിയത്. കാസർകോട് പാലക്കുന്നിലെ തെക്കേക്കര വീട്ടിൽ ടി.കെ.നാരായണ(56) ന്‍റെ കൈയിൽനിന്ന് 1000-ന്‍റെ 88 നിരോധിത നോട്ടുകളും 500-ന്‍റെ 82 നിരോധിതനോട്ടുകളുമാണ് പിടിച്ചത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്പന നടക്കുന്നുണ്ടെന്നാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ്ഫോറസ്റ്റ് കൺസർവേറ്റർ വിജിലൻസിന് വിവരം ലഭിച്ചത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും എത്തിയാണ് പരിശോധന നടത്തിയത്. നിരോധിത നോട്ടുകൾ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തി വെളുപ്പിക്കുന്നുവെന്നാണ് സംശയം. നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ നടപടികൾക്കായി മേൽപറമ്പ് പൊലീസിന് കൈമാറി.

കണ്ണൂർ അസിസ്റ്റൻ്റ് ഫോറസ്റ്റ് കസർവേറ്റർ വി. രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ രാജീവൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. രതീശൻ, എ.പി.ശ്രീജിത്ത്, കെ. രാജീവൻ, കെ.ഇ.ബിജുമോൻ ,എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags