'കേരളത്തില്‍ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും' : കെ സുരേന്ദ്രന്‍

google news
surendran
തിരുവനന്തപുരം: കേരളത്തില്‍ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ ജനങ്ങള്‍ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങള്‍ മടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്‍ സര്‍ക്കാരിന് ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നത്. അതിന് ഡല്‍ഹിയില്‍ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ല. കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം ഇല്ലാതിരുന്നെങ്കില്‍ കേരളം പട്ടിണിയായേനെ.ജന്തര്‍മന്തറില്‍ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കണ്ടത്. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ ഒന്നിച്ചു നില്‍ക്കുന്നത്.

മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടന പൂര്‍ണമായും തകര്‍ത്തത്. വലിയ തട്ടിപ്പാണ് മസാല ബോണ്ടിന്റെ മറവില്‍ തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയത്. തെറ്റ് ചെയ്തത് കൊണ്ടാണ് ഐസക്ക് ഇഡിയില്‍ നിന്നും ഒളിച്ചോടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകര്‍ത്തിട്ട് ഡല്‍ഹിയില്‍ പോയി നാടകം കളിച്ചിട്ട് കാര്യമില്ല.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞതായും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രതിക്ഷ ധര്‍മ്മം മറന്ന് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വതന്ത്രമായപ്പോള്‍ 16 രാജ്യങ്ങളായി വിഭജിക്കണമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതേ നിലപാട് തന്നെയാണ് പിണറായി വിജയനുമുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്.

ഇടക്കാല ബജറ്റിലും സംസ്ഥാനങ്ങളെ ഞെരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം കോടി അധികം അനുവദിച്ചതാണോ ഈ ഞെരുക്കമെന്ന് അദ്ദേഹം വ്യക്തമാക്കണം. ബ്രാന്‍ഡിംഗാണ് കേന്ദ്രം നടത്തുന്നതെന്നതാണ് മറ്റൊരു ആരോപണം. ഇത് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കേന്ദ്രം ബ്രാന്‍ഡിംഗ് നടത്തിയാല്‍ കൃത്യമായ കണക്ക് സംസ്ഥാനത്തിന് കൊടുക്കേണ്ടി വരുമെന്നും, മോദിയുടെ അരി പിണറായിയുടെ പടം വെച്ച് കൊടുക്കാനാവില്ലെന്നും അറിയാവുന്നത് കൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങള്‍ പറയുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്ല്യമായ ആനുകൂല്യം നല്‍കണമെന്നാണ് പിണറായി വിജയന്റെ വേറൊരു കണ്ടുപിടുത്തം. 24 കോടി ജനങ്ങളുള്ള യുപിക്കും മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിനും ഒരേ നികുതി വിഹിതം കൊടുക്കുന്നത് എന്ത് ന്യായമാണെന്ന് അദ്ദേഹം പറയണം. ധനകാര്യ കമ്മീഷനാണ് സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്നതെന്ന വസ്തുത പിണറായി മറച്ചുവെക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Tags