പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്തു: ഡിവൈഎഫ്ഐ നേതാവിനെ ബിജെപി സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേൽപിച്ചു

google news
bjp attack

തിരുവനന്തപുരം: എൽഡിഎഫിന്റെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്തതിന് ഡിവൈഎഫ്ഐ നേതാവിനെ ബിജെപി സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേൽപിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവ് കമുകിന്‍കുഴി പുതുവല്‍ പുത്തന്‍ വീട്ടില്‍ എസ്. സുജിത്തിനെയാണ് ബിജെപി സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേൽപിച്ചത്. ഡി.വൈ.എഫ്‌.ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കമുകിന്‍കുഴി ജങ്ഷനില്‍ സ്ഥാപിച്ച വി. ജോയിയുടെ പോസ്റ്റര്‍ ബിജെപി സംഘം നശിപ്പിച്ചിരുന്നു. ഇതിന് പകരമായി വൈകിട്ട് സുജിത്തടക്കമുള്ള സി പി എം. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയപ്പോള്‍ ബിജെപി സംഘം തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുജിത്തിനെ വീടുകയറി ആക്രമിച്ചതെന്നാണ് പരാതി.

കത്തിയും മണ്‍വെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു അക്രമണം. സുജിത്തിന്റെ കൈയ്ക്ക് വെട്ടേറ്റു. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവസ്ഥലത്ത് നാട്ടുകാര്‍ തടഞ്ഞുവെച്ച അക്രമിയില്‍നിന്ന് വെട്ടുകത്തിയും ഇരുമ്പ് വടിയും അടക്കമുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കിളിമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.