പക്ഷിപ്പനിബാധിത മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം

Duck farmers worried about bird flu ban
Duck farmers worried about bird flu ban

ആലപ്പുഴ : പക്ഷിപ്പനിബാധിത മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

ആലപ്പുഴ ജില്ലയിൽ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനമിറക്കിയത്.

നിയന്ത്രണമേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. നിലവിൽ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകും.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപന തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അതിന് നഷ്ടപരിഹാരമുണ്ടാകില്ല.

ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടണം. ഏപ്രിൽ പകുതിക്കുശേഷം 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരും വിദഗ്ധസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു.

Tags