സൈക്കിള്‍ മോഷണം പോയി, അവന്തിയുടെ വിഷമം തീര്‍ത്ത് മന്ത്രി

google news
cycle

ദിവസവും സ്‌കൂളിലേക്ക് പോകാന്‍ കൂട്ടുണ്ടായിരുന്ന പ്രിയപ്പെട്ട സൈക്കിള്‍ പെട്ടന്നൊരു ദിവസം മോഷണം പോയതിന്റെ വിഷമം ചെറുതൊന്നുമായിരുന്നില്ല അവന്തികയ്ക്ക്. സൈക്കിള്‍ പോയതിന്റെ വിഷമവും ഇനി പുതിയതൊരെണ്ണം എങ്ങനെ വാങ്ങുമെന്ന ആശങ്കയും കൂടിയായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക മാത്രമായിരുന്നു അവന്തികയുടെ മുന്നിലെ പോം വഴി. ഒപ്പം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കും അവന്തിക പരാതി മെയിലയച്ചു. ഒരാള്‍ തന്റെ സൈക്കിളുമായി പോകുന്നത് തൊട്ടടുത്ത ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പൊലീസില്‍ പരാതി നല്‍കാന്‍ കാരണം.

പരാതി അറിയിച്ചെങ്കിലും ഉടനടി ഒരു നടപടി അവന്തിക പ്രതീക്ഷിച്ചതല്ല. പക്ഷേ പരിഹാരം വന്നു. ട്യൂഷന് പോകുമ്പോള്‍ നഷ്ടപ്പെട്ട സൈക്കിളിന് പകരം ഒരു പുത്തന്‍ സൈക്കില്‍ മന്ത്രിയുടെ വക അവന്തികയ്ക്ക് എത്തി. എളമക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് മന്ത്രി വി ശിവന്‍കുട്ടി അവന്തികയ്ക്ക് നേരിട്ട് സൈക്കിള്‍ കൈമാറി.
മെയ് 21നായിരുന്നു സൈക്കിള്‍ മോഷണം പോയത്. ഉച്ചയ്ക്ക് അവന്തികയുടെ പാലാരിവട്ടത്തെ വാടക വീട്ടില്‍ നിന്ന് സൈക്കിള്‍ കാണാതായി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ തന്നെ സ്റ്റേഷനില്‍ ഇരുന്നുതന്നെ വിദ്യാഭ്യാസ മന്ത്രിക്കും മെയിലയച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അവന്തികയ്ക്ക് ഫോണ്‍ വിളിയെത്തി. ജൂണ്‍ 2ന് എളമക്കര സ്‌കൂളിലെത്താന്‍ പറഞ്ഞായിരുന്നു വിളിച്ചത്.

എളമക്കര സ്‌കൂളിലെത്തി മന്ത്രിയില്‍ നിന്ന് സൈക്കിള്‍ ഏറ്റുവാങ്ങിയ അവന്തികയ്ക്ക് സന്തോഷം പറഞ്ഞറിയിക്കാനാകുമായിരുന്നില്ല. സൈക്കിള്‍ കൊണ്ടുപോയ കള്ളനെ കണ്ടെത്താനായില്ലെങ്കിലും തന്റെ സങ്കടം പരിഹരിക്കാന്‍ മന്ത്രിയെത്തിയതില്‍ അവന്തിക സന്തോഷവതിയാണ്.

Tags