ഭാസ്‌കര കാരണവർ വധക്കേസ് ; പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ

Bhaskara Karanar murder case; Government freezes release of accused Sherin
Bhaskara Karanar murder case; Government freezes release of accused Sherin

തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻറെ മോചനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിരുന്നില്ല. മോചനം തടയണമെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചിരുന്നു.

ഷെറിന് ശിക്ഷാഇളവ് നൽകിയ മന്ത്രിസഭ ശിപാർശ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസംകൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശിപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അർഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികൾ പോലും ജയിലിൽ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് വിവാദത്തിൽ കലാശിച്ചത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ഷെറിൻ ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ഈ സംഭവത്തിൽ ഷെറിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദിച്ചെന്നാണ് കേസ്. ജൂലിയെ ഷെറിൻ പിടിച്ചു തള്ളുകയും ഷബ്ന അസഭ്യം പറയുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്.

കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.

Tags

News Hub