സിദ്ദീഖിനെ മകന്‍റെ മരണത്തിൽ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ മോശമായി പ്രചരിപ്പിച്ചത് വേദനിപ്പിച്ചു : നടി ബീന ആന്‍റണി
തിരുവനന്തപുരം: നടൻ സിദ്ദീഖിനെ മകന്‍റെ മരണത്തിൽ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത് വേദനിപ്പിച്ചുവെന്ന് നടി ബീന ആന്‍റണി. സിദ്ദിഖിന്‍റെ മകന്‍റെ മരണ സമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് നേരിട്ട് കണ്ടപ്പോള്‍ ആശ്വസിപ്പിച്ച ദൃശ്യമാണ് അദ്ദേഹത്തിനെതിരെ കേസെടുത്ത ശേഷം ഇപ്പോൾ മോശം രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും ബീന ആന്‍റണി പറഞ്ഞു. ട്രോളായി അടക്കം ഈ ദൃശ്യങ്ങൾ പ്രചരിച്ചുവെന്നും ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും നടി പ്രതികരിച്ചു.
ഹേമ കമീഷനെ കൈയടിച്ച് സ്വാഗതം ചെയ്യുന്നു. പണ്ട് ഞാനും ഇൻഡസ്ട്രിയിൽ വന്ന കാലത്ത് ലൊക്കേഷനിൽനിന്ന് പറഞ്ഞുവിട്ടതടക്കം എനിക്കും ചില ചെറിയ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും ഇല്ല എന്ന് പറയാൻ ഞാൻ ആളല്ല. എന്നുവെച്ച് കാടടച്ച് വെടിവെക്കുന്ന പരിപാടി ശരിയല്ല. മൊത്തത്തിൽ താറടിച്ചു കാണിക്കുമ്പോൾ വിഷമം തോന്നുന്നുണ്ട് -ബീന ആന്‍റണി പറഞ്ഞു.