കിടപ്പ് രോഗികളെ വീട്ടുകാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റും ; മന്ത്രി പി പ്രസാദ് ​​​​​​​

ssss

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കൃഷി മന്ത്രി പി. പ്രസാദ്. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പ്രത്യേക ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജില്ല മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ, ആയുർവേദം തുടങ്ങിയ വിഭാഗക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പുറക്കാട് പനയേൽ ചർച്ചിലെ ക്യാമ്പ്, കാരൂർ പുഞ്ചവയൽ ക്യാമ്പ് ഉൾപ്പെടെ അമ്പലപ്പുഴ താലൂക്കിലെ ക്യാമ്പുകളിൽ എച്ച്. സലാം എം.എൽ.എ.യും മന്ത്രിക്കൊപ്പം സന്ദർശനം നടത്തി. മാവേലിക്കര താലൂക്കിലെ ക്യാമ്പുകളിൽ എം.എസ്. അരുൺകുമാർ എം.എൽ.എയും മന്ത്രിക്കൊപ്പം പങ്കെടുത്തു. ആലപ്പുഴ മണ്ഡലത്തിലെ ക്യാമ്പുകളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എയും മന്ത്രിയോടൊപ്പം ഉണ്ടായി.

കായംകുളത്തെ മലയൻ കനാലു പോലുള്ള ചില കനാലുകൾ കരകവിഞ്ഞൊഴുകിയിട്ടുണ്ട്. ഇവിടെ വെള്ളം ഒഴിഞ്ഞു പോകാനുള്ള നടപടികൾ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൻ ആരംഭിച്ചു കഴിഞ്ഞു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  ക്യാമ്പുകളിലെല്ലാം ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസർമാർ കൂടാതെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ക്യാമ്പുകളുടെ ചുമതല നൽകിയിട്ടുണ്ട്. പോലീസ്, എക്‌സൈസ് തുടങ്ങി സംവിധാനങ്ങളുടെ സേവനവും ക്യാമ്പുകളിലുണ്ട്.  മഴക്കെടുതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.എൽ.എമാർ പങ്കെടുത്തുകൊണ്ട് വെള്ളിയാഴ്ച യോഗം ചേരും.

ജില്ലയിൽ ചില പ്രദേശങ്ങളിൽ ചെറിയ സമയത്തിനുള്ളിൽ തീവ്രമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ജില്ലയിൽ കൂടുതൽ അളവിൽ മഴ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിലുള്ളവർ അതിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. കായംകുളം നഗരസഭയിൽ തന്നെ നൂറോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറാത്ത ചില ഇടങ്ങളിലും ഇത്തവണ വെള്ളം കയറിയതായി കാണുന്നു. ചില തോടുകൾ കരകവിഞ്ഞ് ഒഴുകുന്നുണ്ട്.
വെള്ളക്കെട്ട് പോലുള്ള പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ മുൻകരുതലുകൾ എടുക്കാം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനും ഓടകളിൽ മാലിന്യം തള്ളാതിരിക്കാനും നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷ്ണപുരം, പുള്ളിക്കണക്ക്, അരീക്കര വള്ളിക്കുന്നം, മുതുകുളം, കരുവാറ്റ, പുറക്കാട് അപ്പാത്തിക്കരി ക്യാമ്പ്, പറവൂർ ഗവ.എച്ച്.എസ്.എസിലെ ക്യാമ്പ്, കരൂർ, വാടകയ്ക്കൽ, കക്കാഴം ഗവ.എച്ച്.എസ്.എസ്സിലെ ക്യാമ്പ്, എസ്.ഡി.വി.ഗവ.സ്‌കൂൾ, തത്തംപള്ളി സെന്റ് മൈക്കൾസ് എച്ച്.എസ്സിലെ ക്യാമ്പ് തുടങ്ങിയവയാണ് മന്ത്രി സന്ദർശിച്ചത്. ജില്ല കളക്ടർ അലക്‌സ് വർഗീസ്, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ,  ആമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്,  പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്.സുദർശൻ, എസ്.ഹാരിസ്, പി.പി.സജിത സതീശൻ,ജനപ്രതിനിധികളായ ഗീത ബാബു, എ.പി.സരിത, വി.എസ്.മായാദേവി,തഹസിൽദാർമാരായ അജിത്ത് ജോയ്, ആൽബൻ ജോസഫ്,  ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണൻ മൂസത് എന്നിവർക്കൊപ്പമാണ് മന്ത്രി വിവിധ ക്യമ്പുകളിൽ എത്തിയത്.

Tags