പീഡനക്കേസ് ​: ബാലചന്ദ്ര മേനോന്​ മുൻകൂർ ജാമ്യം

bala
bala

കൊച്ചി: ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലച​ന്ദ്ര മേനോന്​ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. 2007ൽ നടന്നുവെന്ന്​ പറയുന്ന സംഭവത്തിൽ 2024 സെപ്​റ്റംബറിൽ പരാതി നൽകിയതടക്കം വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ മുൻകൂർ ജാമ്യം അനുവദിച്ചത്​.

നടിയുടെ പരാതിയിൽ കന്‍റോൺമെന്‍റ്​ പൊലീസ്​ ഹരജിക്കാരനെ അറസ്റ്റ്​ ചെയ്താൽ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട്​ ജാമ്യക്കാരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ്​ നിർദേശം. വീണ്ടും ഹരജി പരിഗണിക്കുന്ന നവംബർ 21 വരെയാണ്​ ഉത്തരവിന്​ പ്രാബല്യം.

2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, തന്നെ ഫോണിൽ വിളിച്ച്​ കേസ്​ കൊടുക്കുമെന്ന്​ പറഞ്ഞ്​​ നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും പലർക്കുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്​ പരാതി നൽകിയവരാണ്​ പരാതിക്കാരിയെന്നും ബാലചന്ദ്രമേനോൻ കോടതിയിൽ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്​ എതിർ സത്യവാങ്​മൂലം നൽകേണ്ടതുണ്ടെന്ന്​ അറിയിച്ച സർക്കാർ മുൻകൂർ ജാമ്യ ഹരജിയെ എതിർത്തു. എന്നാൽ, വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags