13-കാരിയെ ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ച കേസ്; ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി
doctor

പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിർത്തിയ പതിമൂന്നുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി. ഇരുവരേയും പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡോ. മിൻസ മുഹമ്മദ് കമ്രാൻ (40), ഭാര്യ റുമാന (30) എന്നിവരാണ് ജയിലിലായത്. ശിശുരോഗ വിദഗ്ധനായതിനാലും രാത്രി വീട്ടിൽ നാലു മക്കൾ തനിച്ചാണെന്നതിനാലും ഇന്നലെ രാത്രി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ച മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവന്നു, തടങ്കലിൽ പാർപ്പിച്ചു, ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. ബീഹാർ സ്വദേശിനിയായ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.

ഡോക്ടർ വീട്ടിലില്ലാത്തസമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തതായി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പോലീസിനും നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയുടെ ശരീരം മുഴുവൻ പൊള്ളലേറ്റതിന്റെയും മുറിവേൽപ്പിച്ചതിന്റെയും പാടുകളുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. അമ്മ മരിച്ചുപോയ പെൺകുട്ടി ബിഹാർസ്വദേശിനിയാണ്.

നാലുവർഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ ഫ്ലാറ്റിൽ കഴിഞ്ഞ മേയ് മാസത്തിലാണ് പെൺകുട്ടിയെ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്.

Share this story