പതിനെട്ടാംപടിയിലെ ഈ പോലീസ് അയ്യപ്പൻ ആളൊരു ജിമ്മനാണ് ...
ശബരിമല : പോലീസുദ്യോഗമാണ് പ്രൊഫഷനെങ്കിലും, ബോഡി ബിൽഡിംഗ് പാഷനായ ഒരു ഉദ്യോഗസ്ഥനുണ്ട് ശബരിമല സന്നിധാനത്ത്. നാല് തവണ മിസ്റ്റർ കേരള പോലീസായ എറണാകുളം സ്വദേശി ദയലാൽ കെ ഡി എന്ന മസ്സിൽ മാൻ.
തൃപ്പൂണിത്തുറ കേരള ആംഡ് പോലീസ് വണ്ണിലെ സിവിൽ പോലീസ് ഓഫീസറായ ദയലാലിന് ഇത് ഒരു സ്വപ്ന സാഫല്യമാണ്. പോലീസ് സേനയിലെത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ശബരിമല സേവനത്തിന് നിയോഗിക്കപ്പെടുന്നത്, അതും അയ്യൻ്റെ കൺമുന്നിലെ പതിനെട്ടാം പടി ഡ്യൂട്ടിയും.
2026 ജൂണിൽ അമേരിക്കയിൽ വെച്ച് നടക്കുന്ന ലോക പോലീസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദയലാലിന് അയ്യൻ്റെ നടയിലെ സേവനം നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് നേട്ടങ്ങൾ കീഴടക്കുക എന്നത് ദയലാലിന് കുട്ടിക്കാലത്ത് തന്നെ മനസ്സിൽ കയറി കൂടിയ സ്വപ്നമാണ്. പതിനാറാം വയസ് മുതൽ ഇതിനായുള്ള പ്രയത്നവും ആരംഭിച്ചു. എന്നാൽ ഇതിനിടെ പോലീസ് സേനയിൽ എത്തി.
അപ്പോഴും ഏറെ ഇഷ്ട്ടപെട്ട സ്വപ്നത്തെ കൈവിട്ടില്ല. കാക്കിയണിഞ്ഞ് തന്നെ പ്രയത്നിച്ചു. കഠിനമായ പരിശ്രമത്തിൻ്റെ ഫലമായി ഒട്ടനവധി നേട്ടങ്ങളും ദയലാലിനെ തേടിയെത്തി. നാല് വട്ടം മിസ്റ്റർ കേരള പോലീസ്, കൂടാതെ മിസ്റ്റർ ഇന്ത്യ പോലീസ്, മിസ്റ്റർ സൗത്ത് ഇന്ത്യ, മിസ്റ്റർ കേരള, മിസ്റ്റർ എറണാകുളം തുടങ്ങിയവ നേട്ടങ്ങളിൽ ചിലത് മാത്രം.
നേട്ടങ്ങൾ എല്ലാം കീഴടക്കുമ്പോഴും എല്ലാം അയ്യപ്പൻ്റെ അനുഗ്രഹം മാത്രമെന്ന് പറയുകയാണ് ദയലാൽ. ഇനി ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പാണ്. 12 നാള്‍ അയ്യപ്പ സന്നിധിയിൽ സേവനം ചെയ്യാൻ സാധിച്ച ആത്മ സംതൃപ്തിയോടെ മലയിറങ്ങുന്ന ദയ ലാലിന്
ജോലിക്ക് ഒപ്പം ഇതിനായുള്ള കഠിന പ്രയത്നമാണ് മുന്നിലുള്ളത്.