മുതിരപ്പുഴയാറില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ക്ക് തുണയായി ഓട്ടോതൊഴിലാളികൾ

rescue
rescue

അടിമാലി (അടിമാലി): കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഭാഗമായ മുതിരപ്പുഴയാറില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ച് ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സാഹസികമായാണ് ഇവർ രക്ഷിച്ചത്.

വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ കല്ലാര്‍കൂട്ടിക്കും-പനങ്കുട്ടിക്കും ഇടയിലുള്ള പൊളിഞ്ഞപാലത്തായിരുന്നു സംഭവം. കനത്ത മഴകാരണം നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഈ വിവരം അറിയാതെയാണ് മുംബൈ, തിരുവനന്തപുരം സ്വദേശികളായ യുവാക്കള്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയത്.

rescue

ഈസമയം അണക്കെട്ട് തുറന്നതോടെ വെള്ളം ഉയര്‍ന്നു. ഇവര്‍ പുഴയ്ക്ക് നടുവിലെ പാറയില്‍ കയറിനിന്നു. ഇവര്‍ ബഹളംവെച്ചതോടെയാണ് സംഭവം പ്രദേശവാസിയായ ജോണ്‍ ആന്റണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം കല്ലാര്‍കുട്ടി ടൗണിലെ ഓട്ടോറിക്ഷഡ്രൈവര്‍ പുഷ്പനെ വിവരമറിയിച്ചു. പുഷ്പന്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെത്തി വിവരം അറിയിച്ചതിനെത്തുടർന്ന് അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍ അടച്ചു.

ഇതിനു പിന്നാലെ പുഷ്പന്‍ സുഹൃത്തുക്കളായ ബിനു, സബീര്‍ എന്നിവരെ കൂട്ടി വീണ്ടും പൊളിഞ്ഞപാലത്ത് എത്തി. സമീപത്തുനിന്ന ഇരുമ്പ് ഗോവണി കൊണ്ടുവന്ന് പാറയും കരയുമായി ബന്ധിപ്പിച്ചു. ഗോവണി ഒഴുകിപ്പോകാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിയാണ് ഇറക്കിയത്. തുടർന്ന് സഞ്ചാരികളെ ഗോവണിയിലൂടെ കരയില്‍ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂര്‍കൊണ്ടാണ് സഞ്ചാരികളെ രക്ഷിച്ചത്.

Tags