ചേറുനിറഞ്ഞ വെള്ളത്തില്‍ അകപ്പെട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു
കോട്ടയം: തോട്ടിലെ ചേറുനിറഞ്ഞ വെള്ളത്തില്‍ അകപ്പെട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു. ആര്‍പ്പൂക്കര പനമ്പാലം പാലത്തിനുസമീപം തോനാകരിത്തോട്ടില്‍ ജീവനുവേണ്ടി മല്ലിട്ട ഓട്ടോ ഡ്രൈവര്‍ ശ്രീജിത്തിനെ (40)ആണ് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പനമ്പാലം പായിക്കാട്ട് ജസ്റ്റി ജോസഫ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 6.15-നായിരുന്നു സംഭവം. പനമ്പാലത്തിനുസമീപം തൊണ്ണംകുഴി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ ശ്രീജിത്ത് ഇതുവഴി എത്തിയപ്പോള്‍ മുഖം കഴുകാനാണ് തോട്ടിലിറങ്ങിയത്.ഇതിനിടെ ആഴത്തില്‍ ചെളിനിറഞ്ഞ തോട്ടിലെ വെള്ളത്തില്‍ അകപ്പെടുകയായിരുന്നു. നീന്തലറിയാത്ത ശ്രീജിത്ത് കാലുറയ്ക്കാതെ ചെളിയിലേക്കു താഴ്ന്നുപോവുന്നതിനിടെ അലറിവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ സിബിച്ചന്‍ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടുവന്നു.
ചെളിയില്‍ പൂര്‍ണമായി താഴ്ന്ന്, തലയുടെ മുകള്‍ഭാഗം മാത്രം കാണാവുന്ന നിലയിലായിരുന്നു ശ്രീജിത്ത്.വെള്ളത്തിലേക്ക് എടുത്തുചാടിയ ജസ്റ്റി ചെളിയില്‍നിന്ന് ശ്രീജിത്തിനെ ഉയര്‍ത്തി കരയ്ക്കുകയറ്റി. ഓടിയെത്തിയ സമീപവാസികള്‍ ഇട്ടുകൊടുത്ത മുളങ്കമ്പില്‍ പിടിച്ചാണ് കരയ്ക്കടുപ്പിച്ചത്. സംഭവമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തി.