തൃശൂരിലെ എ.ടി.എം കവർച്ച ; പ്രതികൾ പിടിയിൽ, പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു
തൃശൂർ : ജില്ലയിൽ വിവിധയിടങ്ങളിൽ എ.ടി.എമ്മുകൾ കൊള്ളയടിച്ചു രക്ഷപ്പെട്ട കവർച്ച സംഘം തമിഴ്നാട്ടില നാമക്കലിൽ പിടിയിൽ. തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. കവർച്ച സംഘത്തെ പിന്തുർന്നാണ് കുമാരപാളയത്തുവച്ച് പൊലീസ് പിടികൂടിയത്.
ആറംഗ സംഘത്തിന്‍റെ കൈയിൽ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നു. എ.ടി.എമ്മിലെ പണവും കവർച്ച നടത്തി രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കണ്ടെയ്നറിൽ കയറ്റിയാണ് കോയമ്പത്തൂർ വഴി പ്രതികൾ രക്ഷപ്പെട്ടത്. എന്നാൽ, നാമക്കലിൽ മറ്റൊരു വാഹനവുമായി പ്രതികളുടെ കണ്ടെയ്നർ കൂട്ടിയിടിച്ചതോടെ നാട്ടുകാരുമായി തർക്കമായി. ഇതാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടത്. ഒരു പ്രതിയുടെ കാലിന് വെടിയേറ്റു. മറ്റു നാലുപേരെ സുരക്ഷിതമായി പൊലീസ് പിടികൂടി. കണ്ടെയ്നറിൽനിന്ന് പണവും മറ്റും കണ്ടെടുത്തു. പ്രതികൾ ഹരിയാന സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം. കേരള പൊലീസ് നാമക്കലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവർച്ച നടത്തിയത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം.
കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം കൊള്ളയടിച്ചത്. മൂന്നു എ.ടി.എമ്മുകളിൽനിന്നായി 65 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെള്ള കാറിലാണ് ഇവരെത്തിയത് എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. മുഖംമൂടി ധരിച്ച സംഘം ക്യാമറകൾ നശിപ്പിച്ചിരുന്നില്ല.
കൃത്യമായ മുന്നൊരുക്കത്തോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതികളെ കുറിച്ച് തമിഴ്നാട് പൊലീസിന് കൃത്യമായ വിവരം നൽകിയതാണ് വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. നിലവിൽ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതികൾ.