മുകളുപൊടി വിതറി എ.ടി.എമ്മില്‍ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം തട്ടിയ സംഭവം 'നാടകം' ; പരാതിക്കാരനും സുഹൃത്തുക്കളും കസ്റ്റഡിയിൽ
കോഴിക്കോട്: എ.ടി.എമ്മില്‍ നിറക്കാൻ കൊണ്ടുപോകുകയായിരുന്ന പണം യുവാവിനെ ആക്രമിച്ച് കവർന്നുവെന്ന പരാതി വ്യാജമെന്ന് പൊലീസ്. സംഭവത്തിൽ പരാതിക്കാരനും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ, യാസിർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പണം തട്ടാനായി നടത്തിയ നാടകമാണ് കവർച്ചയെന്ന് പൊലീസ് പറയുന്നു.
എ.ടി.എമ്മില്‍ നിറക്കാൻ കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപ ആക്രമിച്ച് കവര്‍ന്നതായാണ് പരാതി ലഭിച്ചിരുന്നത്. പയ്യോളി സ്വദേശി സുഹൈലാണ് പരാതിക്കാരൻ. ശനിയാഴ്ച വൈകീട്ട് നാലോടെ കൊയിലാണ്ടിക്ക് സമീപം കാട്ടിലപ്പീടികയിൽ നിര്‍ത്തിയിട്ട കാറിനുള്ളിൽ ആളെ കെട്ടിയിട്ടനിലയില്‍ നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാറിലും മുഖത്തും മുളകുപൊടി വിതറി കാറിന്റെ സീറ്റുകൾക്കുള്ളിൽ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. ഇന്ത്യ വൺ എ.ടി.എമ്മില്‍ പണം നിറക്കാൻ ചുമതലയുള്ളയാളായിരുന്നു സുഹൈൽ.
രാവിലെ 11ഓടെ കൊയിലാണ്ടിയിൽ നിന്ന് അരിക്കുളം കുരുടിമുക്കിലെ എ.ടി.എമ്മിൽ നിറക്കാൻ പണവുമായി പോകവെ വഴിയില്‍വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നിൽപെട്ടുവെന്നും ഇവരെ വാഹനം തട്ടിയെന്ന് കരുതി പുറത്തിറങ്ങിയപ്പോൾ പര്‍ദ്ദ ധരിച്ചെത്തിയ ഒരുസംഘം ആക്രമിച്ചുമെന്നുമാണ് സുഹൈൽ പറഞ്ഞിരുന്നത്. തലക്കടിയേറ്റ് ബോധമറ്റനിലയിലായെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുകയാണെന്ന് മനസ്സിലായതെന്നും ഇയാള്‍ പറഞ്ഞു.
സുഹൈലിനെ താലൂക്കാശുപത്രിയിൽ കൊണ്ടുവന്ന് വൈദ്യപരിശോധന നടത്തുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന് കാര്യമായ സംശയങ്ങളുണ്ടായിരുന്നു. ആളുകളേറെയുള്ള അങ്ങാടിക്ക് സമീപമാണ് ഇയാളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നുള്ളതും ദേഹത്താകെ മുളകുപൊടിയുണ്ടായെങ്കിലും കണ്ണിലും മുഖത്തും കാര്യമായി മുളകുപൊടിയില്ലാത്തതും സംശയമായി. തന്‍റെ ബോധം പോയെന്ന് സുഹൈൽ പറഞ്ഞിരുന്നു.
എന്നാൽ, ബോധം പോകുന്ന സാഹചര്യമുണ്ടായില്ലെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞത്. തുടർന്ന്, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് പണം തട്ടാനായി നടത്തിയ നാടകമാണ് കവർച്ചയെന്ന് വ്യക്തമായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.